ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ലംഘിച്ച് നിരത്തിലിറങ്ങിയവര്‍ക്ക് ഡല്‍ഹി പോലീസിന്റെ റോസപ്പൂ. ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി ഡല്‍ഹിയിലെ നിരത്തുകളെല്ലാം ശൂന്യമാണെങ്കിലും ഒറ്റതിരിഞ്ഞ് ചിലവാഹനങ്ങള്‍ നിരത്തിലിറങ്ങി. ഇത്തരം ആളുകളെയാണ് പോലീസ് അത്യാവശ്യ കാര്യങ്ങള്‍ക്കല്ലെങ്കില്‍ വീടുകളിലേക്ക് മടക്കിയയച്ചത്. കൊറോണ പ്രതിരോധത്തിന്റെ പ്രാധാന്യം പറഞ്ഞു മനസിലാക്കിയ ശേഷമാണ് നിരത്തിലിറങ്ങിയവര്‍ക്ക് റോസപ്പൂ നല്‍കിയത്.
ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതു വരെയാണ് കര്‍ഫ്യൂ. ജനം കഴിയുന്നത്ര വീട്ടില്‍തന്നെ കഴിയണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിന് എല്ലാ മേഖലയില്‍ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു. ബസ്, ടാക്‌സി, മെട്രോ തുടങ്ങി പൊതുഗതാഗത സംവിധാനം നിശ്ചലമാണ്.
സംസ്ഥാനങ്ങള്‍ ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി നിയന്ത്രണം കടുപ്പിച്ചു. 3,700 സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഞായറാഴ്ച യാത്ര ആരംഭിക്കുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. ഞായറാഴ്ച ആഭ്യന്തര സര്‍വീസ് നടത്തില്ലെന്ന് ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങിയ വിമാന കമ്പനികള്‍ അറിയി ച്ചിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.