തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വന്നുപോയത് അറിയാത്തവർ 10.76 ശതമാനമെന്ന് പഠന റിപ്പോർട്ട്. കഴിഞ്ഞമാസം ആരോഗ്യവകുപ്പ് നേരിട്ട് നടത്തിയ സീറോ സർവയലൻസ് പഠനത്തിലാണ് കണ്ടെത്തൽ.
പൊതുജനങ്ങൾ, ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ ഉൾപ്പെടെ 20,939 പേരിലായിരുന്നു പഠനം. രോഗാണുവിനെച്ചെറുക്കാനുള്ള ആന്റിബോഡി ശരീരം സ്വയം ഉത്പാദിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധനയിലൂടെ കണ്ടെത്തുകയാണ് സീറോ സർവയലൻസ് പഠനത്തിലൂടെ ചെയ്യുന്നത്.
കാര്യമായലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ 10.76 ശതമാനം പേരിൽ രോഗം വന്നുപോയിരിക്കാമെന്നാണ് നിഗമനം. മുതിർന്ന പൗരന്മാർക്കിടയിലെ സീറോ പ്രിവിലൻസ് എട്ടു ശതമാനമാണ്. ആരോഗ്യപ്രവർത്തകർക്കിടയിൽ 10.5 ശതമാനവും. കോവിഡ് മുൻനിര പ്രവർത്തകർക്കിടയിലുള്ള സീറോ പ്രിവലൻസ് 12 ശതമാനമാണ്.
ദേശീയ തലത്തിൽ 30 രോഗബാധിതരിൽ ഒരാളെ മാത്രം കണ്ടെത്തി റിപ്പോർട്ടുചെയ്യുമ്പോൾ കേരളത്തിൽ രോഗാണുബാധയുള്ള നാലിൽ ഒരാളെ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
കഴിഞ്ഞ മേയിൽ ഐ.സി.എം.ആർ., സംസ്ഥാനത്ത് സീറോ പ്രിവലൻസ് സർവേ നടത്തിയിരുന്നു. മൂന്നു ജില്ലകളിലായി നടത്തിയ ഈ സർവേയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ സീറോ പ്രിവലൻസ് 0.3 ശതമാനമെന്ന് കണ്ടെത്തിയിരുന്നു. ദേശീയതലത്തിലിത് 0.73 ശതമാനമായിരുന്നു. ഓഗസ്റ്റിൽ വീണ്ടും സർവേ നടത്തിയപ്പോൾ സംസ്ഥാനത്ത് ഇത് 0.8 ശതമാനവും ദേശീയ തലത്തിൽ 6.6 ശതമാനവുമായി.
ഇതേ മൂന്നു ജില്ലകളിൽത്തന്നെ ഡിസംബറിൽ അവർ വീണ്ടും സർവേ നടത്തിയിരുന്നു. അന്ന് സീറോ പ്രിവലൻസ് കേരളത്തിൽ 11.6 ശതമാനവും ദേശീയ തലത്തിൽ 21 ശതമാനവും ആണ്.
കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിൽ 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസര്‍ഗോഡ് 128, ആലപ്പുഴ 117, പത്തനംതിട്ട 101, മലപ്പുറം 92, പാലക്കാട് 79, വയനാട് 59, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 107 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 57,425 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,27,53,967 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4517 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1751 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 122 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കണ്ണൂര്‍ 194, കോഴിക്കോട് 211, തൃശൂര്‍ 191, കോട്ടയം 179, എറണാകുളം 167, കൊല്ലം 173, തിരുവനന്തപുരം 107, കാസര്‍ഗോഡ് 105, ആലപ്പുഴ 110, പത്തനംതിട്ട 92, മലപ്പുറം 89, പാലക്കാട് 39,വയനാട് 52, ഇടുക്കി 42 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, കണ്ണൂര്‍ 5 വീതം, തിരുവനന്തപുരം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 168, കൊല്ലം 118, പത്തനംതിട്ട 206, ആലപ്പുഴ 122, കോട്ടയം 259, ഇടുക്കി 45, എറണാകുളം 310, തൃശൂര്‍ 211, പാലക്കാട് 79, മലപ്പുറം 95, കോഴിക്കോട് 265, വയനാട് 48, കണ്ണൂര്‍ 123, കാസര്‍ഗോഡ് 123 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 23,883 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,78,743 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,26,263 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,22,610 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3653 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 441 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 351 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.