കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കമെന്ന് അഭിപ്രായ സര്‍വേ. വടക്കന്‍ കേരളത്തിലെ നാല് ജില്ലകളിലെ 32 സീറ്റുകളില്‍ 27 ലും എല്‍ഡിഎഫിന് വിജയസാധ്യതയെന്ന് അഭിപ്രായ സര്‍വെ ചൂണ്ടിക്കാട്ടുന്നു. മനോരമ ന്യൂസും വിഎംആറും സംഘടിപ്പിച്ച അഭിപ്രായ സര്‍വേയാണ് ഉത്തരകേരളത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം പ്രവചിക്കുന്നത്.
മഞ്ചേശ്വരത്ത് എന്‍ഡിഎയുടെ വിജയവും സര്‍വെ പ്രവചിക്കുന്നു. കോഴിക്കോട് ജില്ലയില്‍ എല്ലാ സീറ്റിലും ഇടതുമുന്നണിയാണ് മുന്നിലെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. കോഴിക്കോട് നോര്‍ത്ത്, സൗത്ത്, എലത്തൂര്‍ മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോട് നോര്‍ത്തിലും എലത്തൂരിലും എല്‍ഡിഎഫിന് പിന്നിലെങ്കിലും എന്‍ഡിഎയും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്.
കൊടുവള്ളിയില്‍ കാരാട്ട് റസാഖ് കനത്ത മത്സരം നേരിടുമെന്നും സര്‍വേ പ്രവചിക്കുന്നു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഏറെ പ്രതിഷേധങ്ങള്‍ നടന്ന കുറ്റ്യാടി ഇടതുമുന്നണി തിരിച്ചുപിടിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. വടകരയില്‍ കെ കെ രമയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിന് മുമ്പാണ് സര്‍വേ നടന്നത്. കാസര്‍കോട് ജില്ലയില്‍ രണ്ട് സീറ്റില്‍ എല്‍ഡിഎഫിനും രണ്ട് സീറ്റ് യുഡിഎഫിനും സാധ്യത പ്രവചിക്കുന്നു.
ഉദുമയും കാഞ്ഞങ്ങാടും ഇടതിനൊപ്പമെന്നും, തൃക്കരിപ്പൂരില്‍ യുഡിഎഫിന് നേരിയ മേല്‍ക്കൈയും സര്‍വേ പ്രവചിക്കുന്നു. മഞ്ചേശ്വരത്ത് ബിജെപി മുന്നേറ്റമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. കണ്ണൂരിലെ 11 മണ്ഡലങ്ങളില്‍ ഒന്‍പതില്‍ എല്‍ഡിഎഫും രണ്ടില്‍ യുഡിഎഫും മുന്നിലെത്തുമാണ് അഭിപ്രായ സര്‍വെയുടെ കണ്ടെത്തല്‍. ഇരിക്കൂര്‍, അഴീക്കോടും യുഡിഎഫ് നിലനിര്‍ത്തും.
കൂത്തുപറമ്പില്‍ എന്‍ഡിഎ രണ്ടാംസ്ഥാനത്ത് എത്തുമെന്നും സര്‍വെ പ്രവചിക്കുന്നു. വയനാട്ടില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണി നേടുമെന്നാണ് പ്രവചനം. വോട്ട് വിഹിതത്തില്‍ യുഡിഎഫിനുമേല്‍ എല്‍ഡിഎഫിന് 22.40 ശതമാനം ലീഡാണ് സര്‍വെ പ്രവചിക്കുന്നത്.