തൃശൂർ : സ്ഥാനാർഥി നിർണയം സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ചാലക്കുടിക്കും കൊടുങ്ങല്ലൂരിനും പിന്നാലെ സാധ്യതാ പട്ടികയ്ക്കെതിരെ ചേലക്കരയിലും മണലൂരിലും അതൃപ്തി പരസ്യമായി. സ്ഥാനാർഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് ചാലക്കുടിയിൽ 33 ബൂത്ത് പ്രസിഡന്റുമാർ രാജിവച്ചു.
ചാലക്കുടിയിൽ യൂത്ത് കോൺഗ്രസ് ദേശീയ കോ – ഓർഡിനേറ്റർ ഷോൺ പല്ലിശ്ശേരിക്ക് വേണ്ടിയും കൊടുങ്ങല്ലൂരിൽ സി എസ് ശ്രീനിവാസന് വേണ്ടിയും കഴിഞ്ഞ ദിവസം പ്രാദേശിക ഘടകങ്ങൾ രംഗത്തെത്തിയിരുന്നു. പ്രവർത്തകർ നേരിട്ട് തെരുവിലിറങ്ങിയും പോസ്റ്ററുകൾ പതിപ്പിച്ചുമാണ് പ്രതിഷേധം അറിയിച്ചത്. ഇതിന്റെ തുടർച്ചയായാണ് ബൂത്ത് പ്രസിഡന്റുമാരുടെ രാജി. ചാലക്കുടിയിൽ പുറത്തുനിന്നുള്ളവരെ സ്ഥാനാർഥിയാക്കരുതെന്നും സാധ്യത പട്ടികയിലുള്ള എ ഗ്രൂപ്പുകാരനും കെ.പി.സി.സി. സെക്രട്ടറിയുമായ ടി.ജെ.സനിഷ്‌കുമാറിന് വിജയസാധ്യതയില്ലയെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.
ചേലക്കരയിൽ സാധ്യതാപട്ടികയിൽ ഉള്ള സിസി ശ്രീകുമാറിനെ മാറ്റണമെന്നും പകരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ കെ വി ദാസനെ സ്ഥാനാർഥിയാക്കണമെന്നും ആവശ്യപ്പെട്ട് ഒൻപത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ രാഹുൽ ഗാന്ധിക്ക് കത്ത് നൽകി.