നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സീറ്റ് വിഭജനത്തിൽ തൃപ്തരാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നഷ്ടപ്പെട്ടത് സിറ്റിംഗ് സീറ്റല്ലെന്ന്, ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസിന് വിട്ടു നൽകേണ്ടി വന്നതിനെ ന്യായീകരിച്ച് കാനം പറഞ്ഞു. കഴിഞ്ഞ തവണ 27 സീറ്റില്‍ മത്സരിച്ച സി.പി.ഐ ഇക്കുറി 25 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.
‘ചങ്ങനാശേരി താൻ ജയിച്ചതിന് ശേഷം ആരും ജയിച്ചിട്ടില്ല. മുപ്പത് വർഷമായി തോൽക്കുന്ന മണ്ഡലമാണ്. അതുകൊണ്ടാണ് സീറ്റ് കേരള കോൺഗ്രസിന് നൽകിയത്. ഏതെങ്കിലും കക്ഷി വന്നതിന്റെ ഫലമായി പാർട്ടിയുടെ സിറ്റിംഗ് സീറ്റുകൾ നഷ്‌ടപ്പെട്ടിട്ടില്ല. സീറ്റ് കൂടുതൽ കിട്ടിയാലും തോൽക്കാം. വയസ് നോക്കിയല്ല സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്’. സി.പി.എമ്മിന് കേരള കോൺഗ്രസിനോട് സ്‌നേഹമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അങ്ങനെ ചിന്തിക്കാമെന്നും കാനം പറഞ്ഞു.
വൈക്കം സീറ്റിൽ മത്സരിക്കുന്ന സി. കെ. ആശ മാത്രമാണ് പട്ടികയിലെ വനിത. വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ സംസ്ഥാന കൗൺസിലിൽ വിമർശനമുയർന്നു. ഒരു പുരുഷാധിപത്യ പാർട്ടിയായി സി. പി. ഐ മാറരുത്. വനിതാ സംവരണത്തിലടക്കം പാർട്ടി ഉയർത്തിപ്പിടിക്കുന്ന ദേശീയ നിലപാട് പ്രഹസനമാണോ എന്ന ചോദ്യമടക്കം കൗൺസിലിൽ ഉയർന്നു. യുവജനപ്രാതിനിധ്യവും പട്ടികയിൽ ഇല്ല. എ ഐ വൈ എഫ് നേതാക്കൾക്കാർക്കും പട്ടികയിൽ ഇടമില്ല.