കോഴിക്കോട്: മന്ത്രി എ.കെ ശശീന്ദ്രനെ സ്ഥാനാര്‍ഥിയാക്കുന്നതിന് എതിരെ എന്‍.സി.പിയില്‍ പ്രതിഷേധം കരുത്താര്‍ജിക്കുന്നു. ശശീന്ദ്രന് പകരം എലത്തൂര്‍ മണ്ഡലത്തില്‍ പുതുമുഖത്തെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍സിപി കോഴിക്കോട് ജില്ലാ കമ്മറ്റിയോഗത്തില്‍ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച എലത്തൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശശീന്ദ്രനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിന്നു.
എല്‍ഡിഎഫ് വരണം. അതിന് എ.കെ. ശശീന്ദ്രന്‍ മാറണം’ എന്നാണ് പോസ്റ്ററിലെ തലവാചകം. ‘എലത്തൂരില്‍ യുവാക്കളെ പരിഗണിക്കുക. ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം എന്‍സിപിയും എല്‍ഡിഎഫും മറക്കരുത്. ഫോണ്‍ വിളി വിവാദം എലത്തൂരിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് അവസരം കൊടുക്കരുത്. 27 വര്‍ഷം എംഎല്‍എയും ഒരു ടേം മന്ത്രിയുമായ ശശീന്ദ്രന്‍ മത്സര രംഗത്ത് നിന്നു പിന്മാറുക. മന്ത്രിപ്പണി കുത്തകയാക്കരുത്’തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററില്‍ സൂചിപ്പിച്ചിട്ടുള്ളത്. സേവ് എന്‍സിപി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരുന്നത്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥി പട്ടികയില്‍ ധാരണയായി. ജി.എസ്. ജയലാല്‍(ചാത്തന്നൂര്‍), വി. ശശി (ചിറയിന്‍കീഴ്), കെ. രാജന്‍ (ഒല്ലൂര്‍), വി.ആര്‍. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), പി.പ്രസാദ് (ചേര്‍ത്തല), പി.എസ്. സുപാല്‍ (പുനലൂര്‍), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ഇ.കെ. വിജയന്‍ (നാദാപുരം), ആര്‍. രാമചന്ദ്രന്‍ (കരുനാഗപ്പള്ളി), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ), ജി.ആര്‍.അനില്‍ (നെടുമങ്ങാട്), സി.കെ.ആശ (വൈക്കം), മുഹമ്മദ് മുഹ്സിന്‍ (പട്ടാമ്പി), ഇ. ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), ടൈസന്‍ മാസ്റ്റര്‍(കയ്പമംഗലം), ഗീത ഗോപി (നാട്ടിക) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്.
നെടുമങ്ങാട് നിന്നു മത്സരിക്കുന്ന ജി.ആര്‍. അനില്‍ മാത്രമാണ് സ്ഥാനാര്‍ഥി പട്ടികയിലെ പുതുമുഖം. അതേസമയം, ചടയമംഗലത്ത് വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ ബുധനാഴ്ച ചേരുന്ന ജില്ലാ എക്സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമാകും.