കൊച്ചി: കളമശ്ശേരി നിയോജക മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച പി രാജീവിനെതിരെ മണ്ഡലത്തില്‍ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. കളമശ്ശേരി നഗരസഭാ പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദറിനെ കളമശ്ശേരിക്ക് വേണ്ട എന്നാണ് പോസ്റ്ററില്‍ പറയുന്നത്.
അഴിമതി, സാമ്പത്തിക ആരോപണങ്ങളില്‍പ്പെട്ട കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറിയാണ് സക്കീര്‍ ഹുസൈന്‍. അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച് പാര്‍ട്ടി നടത്തി അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. അടുത്തിടെയാണ് വീണ്ടും സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്.
കളമശ്ശേരിയില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ കഴിഞ്ഞദിവസങ്ങളിലും കളമശ്ശേരിയിലും പരിസരപ്രദേശങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ വ്യാപക പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു. കളമശ്ശേരിയില്‍ പി രാജീവിനെ വേണ്ട, തൊഴിലാളി നേതാവ് ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ത്ഥി ആക്കണമെന്നായിരുന്നു ആവശ്യം.
പ്രബുദ്ധതയുള്ള കമ്യൂണിസ്റ്റുകാര്‍ പ്രതികരിക്കും. ചന്ദ്രന്‍പിള്ള കളമശ്ശേരിയുടെ സ്വപ്നം. വെട്ടിനിരത്താന്‍ എളുപ്പമാണ്, വോട്ടു പിടിക്കാനാണ് പാട്. മക്കള്‍ ഭരണത്തേയും കുടുംബവാഴ്ചയേയും കുറ്റം പറഞ്ഞ കമ്യൂണിസ്റ്റുകള്‍ക്ക് മറവിയോ?. വെട്ടിനിരത്തി തുടര്‍ഭരണം നേടാനാകുമോ?. തുടര്‍ഭരണമാണ് ലക്ഷ്യമെങ്കില്‍ ഞങ്ങള്‍ക്ക് സ്വന്തം സ്ഥാനാര്‍ത്ഥി മതി.
ചന്ദ്രന്‍പിള്ളയെ മാറ്റല്ലേ.. ചന്ദ്രപ്രഭയെ തടയല്ലേ…, വിതച്ചിട്ടില്ല കൊയ്യാന്‍ ഇറങ്ങിയിരിക്കുന്നു. തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്. കളമശ്ശേരിയില്‍ കെ ചന്ദ്രന്‍പിള്ളയെ ആണ് ജില്ലാ നേതൃത്വം ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് സിപിഎം സംസ്ഥാന നേതൃത്വം പി രാജീവിന്റെ പേര് കളമശ്ശേരിയില്‍ നിര്‍ദേശിക്കുകയായിരുന്നു.
അതേസമയം ആശയക്കുഴപ്പങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി. ബുധനാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവിലണ് സീറ്റുകള്‍ സംബന്ധിച്ച തീരുമാനം ഉണ്ടായത്.
നിലവില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് സിപിഎം 85, സിപിഐ 25, കേരള കോണ്‍ഗ്രസ് (ജോസ്) 13, ജെഡിഎസ് 4, എല്‍ജെഡി 3, ഐഎന്‍എല്‍ 3 എന്‍സിപി 3, കേരള കോണ്‍ഗ്രസ് (ബി) 1, കേരള കോണ്‍ഗ്രസ് (എസ്) 1, ആര്‍എസ്പി (ലെനിനിസ്റ്റ്) 1, ജനാധിപത്യ കേരള കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് സീറ്റു നില.
ചങ്ങനാശേരി സീറ്റ് കേരള കോണ്‍ഗ്രസ്എമ്മിന് നല്‍കാന്‍ ധാരണയായതോടെയാണ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായത്. സിപിഐ എതിര്‍പ്പ് മറികടന്നാണ് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനമായത്. കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ സീറ്റുകളാണ് ജോസ് കെ. മാണിക്ക് സിപിഐ വിട്ടു നല്‍കുക. തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാകുമെന്ന് കരുതിയ സീറ്റ് ചര്‍ച്ച ചങ്ങനാശേരി എന്ന ഒറ്റ സീറ്റില്‍ തട്ടിയാണ് നീണ്ടുപോയിരുന്നത്.