കണ്ണൂര്‍: പി.ജയരാജയനെ സി.പി.എമ്മില്‍ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് എം.പി. കണ്ണൂര്‍ സിപിഎമ്മില്‍ നടക്കുന്നത് കലാപമാണ്. സ്വാഭാവികമായും ഒരു പാര്‍ട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും എതിര്‍പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കും. എന്നാല്‍ തങ്ങളത് പ്രതീക്ഷിക്കുന്നില്ല. അത് കണ്ടല്ല തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതെന്നും സുധാകരന് പറഞ്ഞു.
പി. ജയരാജനും പാര്‍ട്ടിയും ഒറ്റക്കെട്ടായി നിന്നാലും കണ്ണൂരില്‍ യുഡിഎഫ് പിടിക്കേണ്ട സീറ്റുകള്‍ പിടിച്ചിരിക്കും. ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദന് മാസ്റ്റര്‍ നിഷേധിച്ച കാര്യം പി. ജയരാജന് ശരിയാണെന്ന് പറഞ്ഞിട്ടുണ്ട്. സിപിഎമ്മിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. ഈ വിഷയത്തിലെ കലാപം സിപിഎമ്മില്‍ നടക്കുന്നുണ്ടെന്നും സുധാകരന് പറഞ്ഞു.
ഉറാപ്പാണ് എല്‍ഡിഎഫ് എന്നാണ് പറയുന്നത്. എന്നാല്‍ എല്‍ഡിഎഫിന് ജയിലാണ് ഉറപ്പെന്നും അദ്ദേഹം പരിഹസിച്ചു. ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളി. കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെ തന്നോട് ആരും സംസാരിച്ചിട്ടില്ല. എന്നാല്‍ അനൗദ്യോഗിക സംഭാഷണങ്ങളില്‍ ഇക്കാര്യം സ്ഥിരമായി കടന്ന് വരാറുണ്ടെന്നും സുധാകരന് പറഞ്ഞു. സ്ഥാനാര്‍ഥി പട്ടിക പത്താം തീയതിക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
അതേസമയം വിദേശത്തുനിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത് കേന്ദ്രമന്ത്രി വി. മുരളീധന് തുറന്നടിച്ചു. തന്റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ല. കേന്ദ്രപദവി വാഹിക്കാത്തത് കൊണ്ടാവാം മുഖ്യമന്ത്രിക്ക് അറിയാത്തതെന്നും മുരളീധരന് പരിഹസിച്ചു.
കസ്റ്റംസ് ധനകാര്യ വകുപ്പിന്റെ കീഴിലാണ് വരുന്നതെന്നും മുരളീധരന് ഓര്‍മപ്പെടുത്തി. മുരളീധരന് കേന്ദ്രമന്ത്രിയായതിന് ശേഷമാണ് നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് തുടങ്ങിയതെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് വാര്‍ത്താക്കുറിപ്പ് എഴുതി നല്‍കിയത് സാമാന്യ വിവരം ഇല്ലാത്തയാളെന്നും മുരളീധരന് പരിഹസിച്ചു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞത് വിവരക്കേടെന്നും അദ്ദേഹത്തെക്കൊണ്ട് വിഡ്ഢിത്തരങ്ങള്‍ പറയിച്ചെന്നും മുരളീധരന് വിമര്‍ശിച്ചു.