തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം പുരോഗമിയ്ക്കുമ്പോള്‍ മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍ കുടുങ്ങിയേക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. വി എസ് ശിവകുമാര്‍ എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സിന്റെ പതിനാല് മണിക്കൂര്‍ നീണ്ട റെയ്ഡ് ആണ് നടന്നത്. ശിവകുമാറിന്റെ നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. കൂട്ട് പ്രതികളുടെയും വീടുകളിലും റെയ്ഡ് നടന്നു.
രാത്രി പത്തരയോടെയാണ് ശിവകുമാറിന്റെ വീട്ടിലെ പരിശോധന അവസാനിച്ചത്. പിടിച്ചെടുക്കുന്ന രേഖകളില്‍ വിശദമായ പരിശോധന നടക്കും തിങ്കളാഴ്ച്ച ഈ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കും. വി എസ് ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടില്‍ രാവിലെ എട്ടരമണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. ശിവകുമാറിനോടൊപ്പം പ്രതിപട്ടികയില്‍ ഉള്ള ഡ്രൈവര്‍ ഷൈജു ഹരന്‍, എന്‍.എസ്.ഹരികുമാര്‍, എം.എസ്.രാജേന്ദ്രന്‍ എന്നിവരുടെ വീടുകളിലും വിജിലന്‍സ് സംഘം ഒരേസമയം പരിശോധന നടത്തി. പ്രതികള്‍ തമ്മിലുള്ള ഇടപാടുകളും, ഇവരുടെ ബാങ്ക് ലോക്കര്‍ രേഖകളും കണ്ടെത്തനായിരുന്നു പരിശോധന.
വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്.പി.വി.എസ്.അജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ബാങ്ക് നിക്ഷേപങ്ങള്‍, ആധാരങ്ങള്‍, സ്വര്‍ണം എന്നിവയുടെ വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചു. പ്രതികളിലൊരാളായ ഹരികുമാര്‍ വഞ്ചിയൂരില്‍ വാങ്ങിയ അഞ്ചു സെന്റ് വീട്, ശാന്തി വിള എം.രാജേന്ദ്രന്‍ ബേക്കറി ജംഗ്ഷനില്‍ വാങ്ങിയ ഭൂമി എന്നിവയെ കുറിച്ചുള്ള വിവരങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. തെളിവ് ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനായി ശിവകുമാറിന് വിജിലന്‍സ് നോട്ടീസ് നല്‍കും.