തിരുപ്പൂര്‍: കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട തൃശൂര്‍ അമലനഗര്‍ സ്വദേശിനി ശ്രീലക്ഷ്മി മോനോന്‍ ഇപ്പോഴും ആ ഞെട്ടലില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. വല്ലാത്ത കുലുക്കം അനുഭവപ്പെട്ടപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. ആകെ മരവിപ്പായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പെട്ടന്ന് മനസിലായില്ല. എന്റെ തൊട്ടടുത്തുണ്ടായിരുന്ന ആളെ കാണാനുണ്ടായിരുന്നില്ല. ഞാന്‍ ബസിന്റെ ആദ്യത്തെ സീറ്റിലായിരുന്നു. ഡ്രൈവറുടെ സീറ്റും അതിനു പിന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നിരിക്കുന്നത് കണ്ടു. ബസ് അപകടത്തില്‍ പെട്ടുവെന്ന് അപ്പോഴാണ് മനസിലായതെന്ന് ശ്രീലക്ഷ്മി പറയുന്നു. ഞാനിരുന്നതിന്റെ മറുവശത്താണ് ലോറി വന്നിടിച്ചത്. അല്ലായിരുന്നെങ്കില്‍ ഇത് പറയാന്‍ ഞാനുണ്ടാവുമായിരുന്നില്ല.
ബസില്‍ നിന്ന് ചിലരെല്ലാം പുറത്തിറങ്ങാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാനും പതിയെ പുറത്തിറങ്ങി. അപ്പോള്‍ സമയം മൂന്നേമുക്കാലായിരുന്നു. നല്ല വേദനയുണ്ടായിരുന്നു. എന്നാലും പുറത്തിറങ്ങി. ബസിന്റെ പുറത്ത് പലരും പരിക്കേറ്റ് ഇരിക്കുന്നുണ്ടായിരുന്നു. രക്തം വാര്‍ന്ന നിലയിലും അല്ലാതെയും.. അപ്പോഴേക്കും നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. എന്തു ചെയ്യണമെന്നറിയാതെയിരിക്കുന്‌പോള്‍ ഒരു ആംബുലന്‍സ് വന്നു. ചെറിയ ആ ആംബുലന്‍സില്‍ ഞാനടക്കം നാലുപേരെ കയറ്റി. അതില്‍ ഒരു സ്ത്രീക്ക് ബോധമുണ്ടായിരുന്നില്ല. അവരുടെ ശരീരത്തില്‍നിന്ന് രക്തം വാര്‍ന്നുപൊയ്‌ക്കൊണ്ടിരുന്നു. ആശുപത്രിയിലെത്തിയ ഉടന്‍ എന്റെ എക്‌സ് റേ എടുത്തു. അരമണിക്കൂറിന് ശേഷം ഡോക്ടര്‍മാര്‍ എന്നോട് കുഴപ്പമൊന്നുമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതിനിടെ ഞാന്‍ വീട്ടിലേക്ക് വിളിച്ച് അപകട വിവരമറിയിച്ചു. പേടിക്കാനൊന്നുമില്ലെന്നും വീട്ടുകാരോട് പറഞ്ഞു. അപകടം നടന്ന സ്ഥലത്തിനടുത്ത് തിരുപ്പൂരില്‍ എന്റെ സുഹൃത്തുണ്ടായിരുന്നു. അവരേയും വിളിച്ച് വിവരം പറഞ്ഞു. അവരെത്തി എന്നെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇപ്പോള്‍ ടിവിയില്‍ അപകടത്തിന്റെ വാര്‍ത്തയും ദൃശ്യങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് മനസിലായി. ദൈവത്തോടു നന്ദി പറയുന്നു ശ്രീലക്ഷ്മി നിറ കണ്ണുകളോടെ പറഞ്ഞു.