തൊടുപുഴ: രാത്രികാലങ്ങളില്‍ മൊബൈല്‍ ഫോണുകളിലേക്ക് എത്തുന്ന അജ്ഞാത ഫോണ്‍ കോളുകളില്‍ പരിഭ്രാന്തരായി ജനങ്ങള്‍. രാത്രി 10.30 മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയത്താണ് സാധാരണയായി ഇത്തരം കോളുകള്‍ വരുന്നത്. നവജാത ശിശുക്കളും പെണ്‍കുട്ടികളും കരയുന്ന ശബ്ദത്തിലാണ് കോളുകള്‍. അറ്റന്‍ഡ് ചെയ്ത് ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ കോള്‍ കട്ടാകുകയും ചെയ്യും. ഇടുക്കിയില്‍ നിന്നാണ് ഇത്തരം കോളുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കോള്‍ കട്ടായശേഷം ഈ നമ്പറുകളില്‍ തിരികെ വിളിച്ചാല്‍ കോള്‍ കണക്ടാകില്ല. ഇതോടെ കോള്‍ ലഭിച്ചവര്‍ പരിഭ്രാന്തിയിലാകും. ഇടുക്കി ജില്ലയില്‍ ഒട്ടേറെപ്പേര്‍ക്കാണ് ഒരാഴ്ചയ്ക്കിടെ ഇത്തരം ഫോണ്‍ കോളുകള്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പുതിയ തട്ടിപ്പാണ് ഈ മൊബൈല്‍ ഫോണ്‍ കോളുകള്‍ക്കു പിന്നിലെന്നാണ് സൂചന.
ഇത്തരം കോളുകള്‍ വഴി മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യുകയും, ഫോണ്‍ വിശദാംശങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്ന വാന്‍ഗിരി തട്ടിപ്പ് ആണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട്. മിസ്ഡ് കോള്‍ തന്നു തിരിച്ചു വിളിപ്പിച്ചു പണം തട്ടുന്ന ഏര്‍പ്പാടാണ് വാന്‍ഗിരി. തിരിച്ചു വിളിച്ചാല്‍ നിമിഷങ്ങള്‍ക്കകം മൊബൈല്‍ ഫോണിലെ റീചാര്‍ജ് തുകയുടെ ബാലന്‍സ് നഷ്ടപ്പെടും. കൂടാതെ മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം ചോര്‍ത്തപ്പെടുമെന്നും പറയപ്പെടുന്നു.
സൊമാലിയയില്‍ നിന്ന് ‘00252’ ല്‍ തുടങ്ങുന്ന നമ്പറുകളില്‍ നിന്നാണ് ഒട്ടേറെ പേര്‍ക്ക് ഇത്തരം ഫോണ്‍ കോളുകള്‍ വരുന്നതെന്നാണു പോലീസില്‍ നിന്നു ലഭിക്കുന്ന വിവരം. ഇത്തരം കോളുകള്‍ വന്നാല്‍ നിങ്ങള്‍ കോള്‍ വന്ന നമ്പര്‍ ഗൂഗിളില്‍ സേര്‍ച് ചെയ്തു നോക്കുക. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ നിന്നാണെങ്കില്‍ അത് തട്ടിപ്പാണെന്നു സംശയിക്കാവുന്നതാണ്.കൂടാതെ ട്രൂകോളര്‍ പോലുള്ള ആപ്പുകള്‍ ഇത്തരം ‘സ്പാം’ കോളുകള്‍ തിരിച്ചറിയുന്നതിനും ബ്ലോക്ക് ചെയ്യാനും ഒരു പരിധി വരെ സഹായിക്കും.