കോട്ടയം: പി.ജെ ജോസഫ് വിഭാഗത്തിനെതിരെ പരാതിയുമായി ജോസ് കെ മാണി പക്ഷം. കേരള കോണ്‍ഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ജോസ്. കെ. മാണി പക്ഷം പോലീസില്‍ പരാതി നല്കി. മോന്‍സ് ജോസഫ് നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പേര് ഉപയോഗിച്ചുവെന്നാണ് പരാതി. ജോസ് പക്ഷം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടമാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
പാര്‍ട്ടിയുടെ പേരും ചിഹ്നവും തമ്മിലുള്ള തര്‍ക്കത്തില്‍ ജോസ് പക്ഷത്തിന് അനുകൂലമായ നിലപാട് തെരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് ജോസ് പക്ഷം രംഗത്തെത്തിയത്. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ കേരള കോണ്‍ഗ്രസ് എം (ജോസഫ് വിഭാഗം) എന്ന പേരാണ് ഉപയോഗിച്ചത്. പോസ്റ്ററുകളിലും മറ്റും പേര് അടിച്ചുവന്നു. ഇത് അനുവദിക്കാനാകില്ലെന്നാണ് ജോസ് പക്ഷം പറയുന്നത്.
അതേസമയം പി. ജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജോസഫ് ഗ്രൂപ്പുമായി യുഡിഎഫ് ഇന്ന് നടത്താനിരുന്ന സീറ്റ് വിഭജന ചര്‍ച്ച മാറ്റിവച്ചു. ജോസഫിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച മതിയെന്ന നിലപാടാണ് തിരുവനന്തപുരത്തെത്തിയ മോന്‍സ് ജോസഫും ജോയ് എബ്രഹാമും സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പി. ജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച തൊടുപുഴയില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ജോസഫ് തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തേക്കു പോയത്.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപനയോഗത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഒപ്പം പങ്കെടുത്തിരുന്നു. നിലവില്‍ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.