തിരുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ചു നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് എംഎല്‍എ മാരായ ഷാഫി പറമ്പിലിനേയും ശബരിനാഥിനേയും ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
ഇന്ന് ഉച്ചയോടെ സമരപ്പന്തലിലെത്തി ഇരുവരേയും പരിശോധിച്ച ശേഷമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയത്. നിരാഹാരം ഒമ്പത് ദിവസം കഴിഞ്ഞതോടെയാണ് എംഎല്‍എമാരുടെ ആരോഗ്യനില മോശമായത്. ഇരുവരെയും വൈകീട്ടോടെ സമരപ്പന്തലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പിഎസ്സി ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പിഎസ്‌സി നിയമന വിവാദത്തിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തിനിടയില്‍ പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. മാത്രമല്ല സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് പ്രവര്‍ത്തകര്‍ ചെരിപ്പുകളും കമ്പകളും എറിഞ്ഞു. സംഘര്‍ഷത്തിനിടയില്‍പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടത്തി. ഇതേ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് ഗ്രനേഡും പ്രയോഗിച്ചു.
ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചില പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ടടിച്ചു. യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി വിഷ്ണുവടക്കം നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.