കൊച്ചി: കൊച്ചിയിലെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ത്ഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ മിഷേല്‍ ഷാജി(18)യുടെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ചിനും ഡി.ജി.പിയ്ക്കുമെതിരെ വിദ്യാര്‍ത്ഥിനിയുടെ പിതാവ്. ഡിജിപി ലോക്നാഥ് ബഹ്റയും ക്രൈംബ്രാഞ്ചും കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് പിതാവ് ഷാജി വര്‍ഗീസ് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ മിഷേലിനെ പിന്തുടര്‍ന്ന രണ്ടു പേരെ കണ്ടെത്തി ചോദ്യം ചെയ്തെന്നും അവര്‍ക്ക് പങ്കില്ലെന്നു വ്യക്തമായെന്നുമാണ് ഡിജിപി പറഞ്ഞത്.
അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി ഡിജിപിയെ സമീപിച്ചപ്പോഴാണ് സി.സി.ടി.വിയില്‍ കാണ്ടവര്‍ക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹവും തുടര്‍ന്ന് ക്രൈംബ്രാഞ്ചും പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇതേ വ്യക്തികളെ കണ്ടെത്തുന്നതിനായാണ് ക്രൈം ബ്രാഞ്ച് ചിത്രം സഹിതം പരസ്യം നല്‍കിയിരിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.
പെണ്‍കുട്ടിയെ അവസാനമായി കണ്ട കലൂര്‍ പള്ളിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ രണ്ടു പേര്‍ ബൈക്കില്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്നു ലഭിച്ചത്. ഈ ദൃശ്യങ്ങളില്‍ കാണുന്ന രണ്ടു പേര്‍ക്ക് മിഷേലിന്റെ മരണവുമായി ബന്ധമുണ്ടെന്നാണ് പിതാവ് തുടക്കം മുതല്‍ ആരോപിച്ചിരുന്നത്.
ഇതു ഡിജിപിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഇവരെ ചോദ്യം ചെയ്തതായും അവര്‍ക്ക് മരണത്തില്‍ ബന്ധമില്ലെന്നും പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ക്കായി പരസ്യം നല്‍കിയതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് പൊലീസ് സത്യം പറയുന്നത്. ചിത്രത്തില്‍ കണ്ട രൂപസാദൃശ്യമുള്ളവരെയാണ് ചോദ്യം ചെയ്തത്. അത് അവരല്ലായിരുന്നു എന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നതെന്ന് ഷാജി ആരോപിക്കുന്നു.