ന്യൂഡല്‍ഹി: കര്‍ഷകന്‍ വെടിയേറ്റു മരിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകന് വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്തെ പ്രമുഖ വാര്‍ത്താ അവതാരകരില്‍ ഒരാളായ രാജ്ദീപ് സര്‍ദേശായിക്കാണ് ഇന്ത്യടുഡേ ടെലിവിഷന്‍ മാനേജ്‌മെന്റ് രണ്ടാഴ്ച ഓണ്‍ എയര്‍ പരിപാടികളില്‍ വിലക്കേര്‍പ്പെടുത്തി’യത്.
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിയില്‍ പൊലീസിന്റെ വെടിയേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയാണ് വസ്തുതാവിരുദ്ധമായി രാജ്ദീപ് സര്‍ദേശായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ ടുഡേയുടെ കണ്‍സല്‍ട്ടിങ് എഡിറ്ററാണ് സര്‍ദേശായി.
മരിച്ച നവ്‌നീത് സിങ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു എന്നാണ് സര്‍ദേശായി അവകാശപ്പെട്ടത്. ചാനലിന് പുറമേ, ട്വിറ്ററിലും സര്‍ദേശായി ഇതു പോസ്റ്റ് ചെയ്തു. പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടിനെ പിന്തുടര്‍ന്ന് നിരവധി ചാനലുകളും കര്‍ഷകര്‍ വെടിയേറ്റ് മരിച്ചെന്ന് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. എന്നാല്‍, പിന്നീട് ഇത് തെറ്റാണെന്നും ട്രാക്ടര്‍ അപകടത്തിലാണ് മരണമെന്നും വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തത്.
’45കാരനായ നവ്‌നീത് എന്നയാള്‍ ഐടിഒയിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ഈ ജീവത്യാഗം നിഷ്ഫലമാകില്ല എന്ന് കര്‍ഷകര്‍ എന്നോട് പറഞ്ഞു’ – എന്നായിരുന്നു സര്‍ദേശായിയുടെ ട്വീറ്റ്. ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. ഇതിന്റെ വീഡിയോയും പൊലീസ് പുറത്തുവിട്ടിരുന്നു. വ്യാജ വാര്‍ത്തയ്‌ക്കെതിരെ നടപടിവേണമെന്ന് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും മുറവിളികള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് ഇന്ത്യടുഡേയുടെ നടപടി