തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തീപൊള്ളലേറ്റു മരിച്ച രാജന് തര്‍ക്കഭൂമി ഭൂമി കൈയേറിയതാണെന്ന് തഹസില്‍ദാര്‍ കളക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണെന്നാണു തഹസില്‍ദാറിന്റെ റിപ്പോര്‍ട്ട്. സുഗന്ധി എന്നയാളില്‍നിന്നു വസന്ത ഭൂമി വില കൊടുത്തു വാങ്ങിയതാണ്. ഭൂമിയുടെ വില്പന സാധുവാണോയെന്നതു സര്‍ക്കാര്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
തര്‍ക്ക വസ്തുവായ നാലു സെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അതിയന്നൂര്‍ വില്ലേജ് ഓഫീസ് സ്ഥിരീകരിച്ചിരുന്നു. തൊട്ടടുത്തു വസന്ത താമസിക്കുന്ന വീട് അടങ്ങിയ എട്ടു സെന്റ് കൊച്ചുമകന് ശരത്കുമാറിന്റെ പേരിലാണെന്നും വിവരാവകാശരേഖയുണ്ട്.
ചെറുമകന് ശരത്കുമാറിന് എട്ടു വയസുള്ളപ്പോള്‍ 2007ലാണു വസന്ത വസ്തു വാങ്ങുന്നത്. ഇതേ ഭൂമി മറ്റു മൂന്നു പേരുടെ പേരിലാണെന്നു കാണിച്ച് നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍ നിന്നു വിവരാവകാശ രേഖ രാജനു നല്കിയതു നേരത്തെ വാര്‍ത്തയായിരുന്നു. ഈ തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറന്പോക്ക് ഭൂമി സ്വന്തമാക്കാന്‍ രാജന് പോരാട്ടം നടത്തിയത്.
ഒഴിഞ്ഞു കിടന്ന ഭൂമിയില്‍ രാജന് ഷെഡ് നിര്‍മിച്ച് കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വര്‍ഷം മുന്‍പായിരുന്നു. മാസങ്ങള്‍ക്കുശേഷം അയല്‍വാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്നവകാശപ്പെട്ടു കോടതിയെ സമീപിച്ചു. രാജന് ഡിസംബര്‍ 22-നു കൈയേറ്റ ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെ വിധി.
കൈയേറ്റ ഭൂമിയില്‍നിന്നും രാജനെ ഒഴിപ്പിക്കാനായ നെയ്യാറ്റിന്‍കര എസ്ഐയും കോടതിയിലെ ഉദ്യോഗസ്ഥരുമെത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി. മൂന്നു സെന്റഭൂമിയില്‍ ഷെഡ് കെട്ടിതാമസിക്കുന്ന രാജന് ഭാര്യയൊമൊത്ത് ശരീരത്തില്‍ പെട്രോളൊഴിച്ച് ഭീഷണിമുഴക്കുകയാിരുന്നു. ഇവര്‍ രണ്ടു പേരും പിന്നീട് മരിച്ചു.