തിരുവനന്തപുരം: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ മംഗളൂരുവില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളാണ് കാസര്‍കോട് ഡിപ്പോയില്‍ നിന്ന് മംഗലാപുരത്തേക്ക് അയച്ചത്. പോലീസ് സംരക്ഷണയില്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അവിടെ കുടുങ്ങിപ്പോവുകയായിരുന്നു.
കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ ഇനിയും ബസുകള്‍ അയക്കുമെന്നാണ് സൂചന. കാസര്‍കോട് ജില്ലാകളക്ടറുടെ നേതൃത്വത്തിലാണ് നടപടി. കൂടാതെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉന്നത ഉദ്യോഗസ്ഥര്‍ കര്‍ണാടകയിലെ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെടുന്നുണ്ട്. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.