തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയം നിയമസഭ പാസാക്കി. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം ശബ്ദവോട്ടോടെ സഭ പാസാക്കിയത്. ബിജെപി അംഗം ഒ. രാജഗോപാല്‍ മാത്രം പ്രമേയത്തെ എതിര്‍ത്തു സംസാരിച്ചു. എന്നിരുന്നാലും ശബ്ദവോട്ടില്‍ ആരും എതിര്‍ത്തില്ലെന്നു സ്പീക്കര്‍ അറിയിച്ചു.
കര്‍ഷകപ്രക്ഷോഭം ഒത്തുതീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം പാസാക്കിയത്. രാവിലെ ഒന്‍പതിന് ആരംഭിച്ച സമ്മേളനത്തില്‍ നിയമസഭാ ചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു.
ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരം ഐതിഹാസികമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമം കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയാണെന്നും കര്‍ഷക വിരുദ്ധമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിവാദമായ മൂന്നു കാര്‍ഷിക നിയമഭേദഗതികളും റദ്ദാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കര്‍ഷക സമരത്തിന് ഇതുവരെ കാണാത്ത ഇച്ഛാശക്തിയുണ്ട്. കാര്‍ഷിക മേഖല വലിയ പ്രതിസന്ധി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കു ന്യായവില നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. കര്‍ഷകരുടെ വിലപേശല്‍ ശക്തി കോര്‍പ്പറേറ്റുകള്‍ക്കു മുന്നില്‍ നഷ്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 35 ദിവസത്തെ സമരത്തിനിടെ 32 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി. കര്‍ഷക സമരം തുടരുന്നതു കേരളത്തെ പ്രതികൂലമായി ബാധിക്കും. ഭക്ഷ്യവസ്തുക്കളുടെ വരവു നിലച്ചാല്‍ കേരളം പട്ടിണിയിലാകും. ചരക്കു നീക്കം നിലയ്ക്കുന്നതു ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കും. കരിഞ്ചന്തയും പൂഴ്ത്തിവയ്പും കൂടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു പ്രതിപക്ഷം രംഗത്തെത്തി. രമേശ് ചെന്നിത്തലയുടെ അഭാവത്തില്‍ കെ.സി. ജോസഫാണു പ്രതിപക്ഷത്തുനിന്നും പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചത്. സഭ ചേരുന്നതിനുള്ള ആവശ്യം ഗവര്‍ണര്‍ നിരാകരിച്ചതു ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഗണനയുമാണ്. പാര്‍ലമെന്റ് നടപടിക്രമത്തില്‍ സഭയില്‍ ഭൂരിപക്ഷമുള്ള മന്ത്രിസഭയുടെ തീരുമാനത്തെ എതിര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അവകാശമില്ല. ഇതിനെതിരേ വളരെ ലഘുവായ പ്രതികരണമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. മന്ത്രിമാരെ അയച്ച് ഗവര്‍ണറുടെ കാലുപിടിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും കെ.സി. ജോസഫ് പറഞ്ഞു.
അതേസമയം, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്രം പുതിയ കാര്‍ഷിക നിയമം പാസാക്കിയതെന്നു സംസ്ഥാന നിയമസഭയിലെ ഏക ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ അവകാശപ്പെട്ടു. കര്‍ഷക നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.