ന്യൂഡൽഹി:പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് സുപ്രീംകോടതി. സമാധാനപരമായ പ്രതിഷേധങ്ങളോട് യോജിക്കുമെന്നും എന്നാൽ പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ വ്യക്തമാക്കി. ജാമിയ മിലിയ, അലിഗഢ് സർവകലാശാലകളിൽ അരങ്ങേറിയ സംഘർഷത്തിൽ സ്വമേധയ കേസെടുക്കണമെന്ന ആവശ്യത്തിൽ ചൊവ്വാഴ്ച വാദം കേൾക്കാമെന്നും അദ്ദേഹം അറിയിച്ചു.
മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്ങാണ് ജാമിയ മിലിയ, അലിഗഢ് വിഷയം സുപ്രീംകോടതിയിൽ ഉന്നയിച്ചത്. ജാമിയ മിലിയയിലെ സംഘർഷത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നായിരുന്നു ഇന്ദിര ജെയ്സിങ്ങിന്റെ ആവശ്യം. സർവകലാശാലകളിൽ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അവർ വാദിച്ചു.
എന്നാൽ ആദ്യം ഈ അക്രമങ്ങളെല്ലാം അവസാനിപ്പിക്കണമെന്നും എന്നിട്ട് സ്വമേധയാ കേസെടുക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. സമാധാനപരമായ പ്രതിഷേധങ്ങൾക്ക് തങ്ങൾ എതിരല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മുതിർന്ന അഭിഭാഷകനായ കോലിൻ ഗോൺസാൽവസും ജാമിയ വിഷയം ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ ഉന്നയിച്ചു. ജാമിയയിലുണ്ടായ സംഘർഷത്തിൽ റിട്ട.സുപ്രീം കോടതി ജഡ്ജി അന്വേഷണം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
എന്നാൽ കലാപവും അക്രമവും പൊതുമുതൽ നശിപ്പിക്കലും തുടർന്നാൽ ഇതൊന്നും പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തങ്ങളും കാണേണ്ടതില്ലേ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഇക്കാര്യങ്ങളിൽ ചൊവ്വാഴ്ച വീണ്ടും വാദം കേൾക്കാമെന്നും അറിയിച്ചു.
അതിനിടെ, ജാമിയ മിലിയ സംഘർഷത്തിൽ വിദ്യാർഥികൾക്കെതിരെ ഡൽഹി പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനും കലാപത്തിനുമാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.