മുംബൈ: അന്യമതത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയ മകളെ പിതാവ് വെട്ടി നുറുക്കി കൊലപ്പെടുത്തിയ സ്യൂട്ട്കെയ്സിലാക്കി ഉപേക്ഷിച്ചു. മുംബൈയിലെ താനെയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 27കാരിയായ പ്രിന്‍സിയെ പിതാവായ 47കാരന് അരവിന്ദ് തിവാരിയാണ് അതിദാരുണമായി കൊലപ്പെടുത്തിയത്.
ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം ആറ് മാസങ്ങള്‍ക്ക് മുമ്പാണ് പ്രിന്‍സി ഉത്തര്‍പ്രദേശില്‍ നിന്നു മുംബൈയില്‍ എത്തുന്നത്. ഭന്ദൂപില്‍ പ്രിന്‍സി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ഇസ്ലാം മതത്തില്‍പ്പെട്ട യുവാവുമായി പ്രിന്‍സി പ്രണയത്തിലായി. ഇക്കാര്യം അറിഞ്ഞതോടെ പിതാവ് മകളെ കൊലപ്പെടുത്തുകയായിരിന്നു. പ്രിന്‍സിയുടെ മൃതദേഹത്തിന്റെ ഒരു ഭാഗം മാത്രമാണ് പോലീസിന് കണ്ടെത്താനായത്. അരക്ക് മുകളിലേക്കുള്ള ഭാഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രിന്‍സിയുടെ പിതാവ് അരവിന്ദ് തിവാരി മലാദിലെ ഒരു ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കാരനാണ്.
പ്രിന്‍സിയുടെ പ്രണയബന്ധം അറിഞ്ഞപ്പോള്‍ മുതല്‍ പിതാവും മകളും തമ്മില്‍ വഴക്ക് സ്ഥിരമായിരുന്നു. പ്രണയ ബന്ധത്തില്‍ നിന്നു പിന്‍മാറാന്‍ പ്രിന്‍സി തയ്യാറായില്ല. ബന്ധത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. ഇതോടെ പ്രകോപിതനായ പിതാവ് അരവിന്ദ് മകളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റൊരു മതത്തില്‍പ്പെട്ട യുവാവിനെ മകള്‍ പ്രണയച്ചിതാണ് അരവിന്ദിനെ ചൊടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. തിത്വാലയിലാണ് പ്രിന്‍സിയും പിതാവ് അരവിന്ദും താമസിച്ചിരുന്നത്. പ്രിന്‍സിയുടെ അമ്മയും മറ്റ് മൂന്ന് സഹോദരിമാരും ഉത്തര്‍പ്രദേശിലെ ജാന്‍പൂരിലാണ് താമസം.
അതേസമയം അരവിന്ദ് ഓട്ടോറിക്ഷ വിളിച്ച് മൃതദേഹം അടങ്ങിയ സ്യൂട്കേസുമായി യാത്ര ചെയ്യുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഇക്കാര്യം ചോദിച്ചു. ഉടനെ ബാഗ് അവിടെ ഉപേക്ഷിച്ച് അരവിന്ദ് കടന്നു കളയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പോലീസ് ബാഗ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. മഹാരാഷ്ട്ര മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. തലയില്ലാത്ത സ്ത്രീയുടെ ശരീരഭാഗങ്ങള്‍ വെട്ടി നുറുക്കിയ നിലയിലായിരുന്നു.