കൊച്ചി: ഗാര്‍ഹിക പീഡനത്തെ സ്വാഭാവികവല്‍ക്കരിക്കുന്ന ‘ബാലരമ’യുടെ ചിത്രകഥയ്ക്കെതിരെ വിമര്‍ശനവുമായി ഗവേഷകയും തിരക്കഥാകൃത്തുമായ രഞ്ജിനി കൃഷ്ണന്‍. ബാലരമയുടെ പുതിയ ലക്കത്തിലെ ചിത്രകഥകളില്‍ ഒന്നിലാണ് ഭര്‍ത്താവ് ഭാര്യയെ അടിക്കുന്നതും പിന്നാലെ ഭാര്യയുടെ ‘സ്വഭാവം’ നന്നാവുന്നതുമായിട്ടുള്ള ചിത്രകഥയുള്ളത്.
തന്റെ മകനൊപ്പം ബാലരമയിലെ കഥ വായിക്കുമ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടതെന്നും ഗാര്‍ഹിക പീഡനത്തെ സ്വാഭാവികമായി അവതരിപ്പിക്കുന്ന കഥകള്‍ സ്വീകാര്യമോ നിയമപരമായി ശരിയോ അല്ല. ബാലരമ പത്രാധിപ സമിതി കുറച്ചുകൂടി വിവേചനബുദ്ധി കാണിക്കണമെന്നും രഞ്ജിനി കൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ബാലസാഹിത്യം പിള്ളേര് കളിയല്ലെന്നത് മറക്കരുതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
രഞ്ജിനി കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
ഞാനും മോനും ബാലരമ വായിക്കുകയായിരുന്നു. അപ്പൊ ഒരു കഥ. വായിച്ചു വന്നപ്പോ അതില്‍ ഒരു ഭര്‍ത്താവ് ഭാര്യയെ അടിക്കുന്നു. അടി കിട്ടിയ ഭാര്യയുടെ സ്വഭാവം ശരിയാകുന്നു. കണ്ടു നിക്കുന്ന മൃഗങ്ങള്‍ അത് ശരി വെക്കുന്നു. വായിച്ചു കൊടുക്കുന്ന ഞാന്‍ ഞെട്ടി. എന്ത് ചെയ്യണം. ഞാന്‍ ആലോചിച്ചു. എന്നിട്ട് അവനോട് ചോദിച്ചു അയാള്‍ ചെയ്തത് ശരിയാണോ. അവന്‍ പറഞ്ഞു അല്ല. എന്താണ് അതിലെ കുഴപ്പം. ഞാന്‍ വീണ്ടും ചോദിച്ചു. അപ്പൊ അവന്‍ പറഞ്ഞു ‘ഒരു ഹ്യൂമന്‍ വേറെ ഒരു ഹ്യൂമനെ ഹര്‍ട്ട് ചെയ്യാന്‍ പാടില്ല ‘. എനിക്ക് കുറച്ച് സമാധാനം തോന്നി. പ്രതീക്ഷയ്ക്കു വകയുണ്ട്. ഞങ്ങള്‍ കുറച്ച് നേരം ഭാര്യ ഭര്‍ത്താവ് സ്നേഹം വയലന്‍സ് തുടങ്ങിയ കടുപ്പപ്പെട്ട കാര്യങ്ങളേ കുറിച്ച് സംസാരിച്ചു. ഞങ്ങള്‍ ലോകത്തോട് സ്നേഹമായി മാത്രമേ പെരുമാറൂ എന്ന് ഉറപ്പിച്ചു. (ഇനി രസത്തിനു ഉറുമ്പിനെ കൊല്ലില്ല എന്നും കൂടി അവന്‍ തീരുമാനിച്ചു )
എനിക്ക് ഇനി പറയാനുള്ളത് ബാലരമ പത്രാധിപ സമിതിയോട് ആണ്. ബാലസാഹിത്യം പിള്ളേര് കളിയല്ല എന്ന് നിങ്ങള്‍ക്കും അറിയാവുന്നതാണല്ലോ. എല്ലാ അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും ഇത്രയും സമയം ഒരു കഥയുടെ പുറത്ത് ചെലവാക്കാന്‍ ഉണ്ടാവില്ല. സമയം ഉണ്ടെങ്കിലും മനസ് ഉണ്ടാവില്ല. അത് കൊണ്ട് കുറച്ച് കൂടി വിവേചനബുദ്ധി നിങ്ങള്‍ കാണിക്കണം. ഗാര്‍ഹിക പീഡനത്തെ സ്വാഭാവികമായി അവതരിപ്പിക്കുന്ന കഥകള്‍ സ്വീകാര്യമോ നിയമപരമായി ശരിയോ അല്ല. ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് തന്നെ കരുതട്ടെ.
പിന്നെ എന്റെ മകന് കുറേ കാലമായുള്ള സംശയം ആണ് കുട്ടൂസന്‍ എന്ത് കൊണ്ടാണ് മായാവിയെ പിടിച്ചിടാന്‍ പ്ലാസ്റ്റിക്ക് കുപ്പി ഉപയോഗിക്കാത്തത് എന്ന്. അപ്പൊ കുപ്പി പൊട്ടി മായാവി രക്ഷപ്പെടുന്ന പ്രശ്നം ഉണ്ടാകില്ലല്ലോ എന്നാണ് അവന്‍ ആലോചിക്കുന്നത്. അത് ഒട്ടും ഇക്കോ ഫ്രണ്ട്‌ലി പരിഹാരം അല്ലെങ്കിലും കാലാകാലമായി നിലനില്‍ക്കുന്ന ഒരു പ്രശ്നത്തിനുള്ള പരിഹാരം ആണല്ലോ. നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആണ് നമ്മള്‍ ശ്രമിക്കേണ്ടത് അല്ലാതെ അതിനെ കഥയാക്കി പ്രചരിപ്പിക്കാനല്ല എന്ന കുഞ്ഞുങ്ങളുടെ തിരിച്ചറിവ് മുതിര്‍ന്നവരെയും സഹായിച്ചേക്കും.
https://www.facebook.com/ranjini.krishnan.31/posts/3623083737761397