കോട്ടയം: സ്വകാര്യ ബസ് ഡ്രൈവറേയും കണ്ടക്ടറേയും കുടുക്കി മാങ്ങാ ജ്യൂസ്. മെഡിക്കല്‍ കോളജ്-കോട്ടയം ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് മാങ്കോ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് എട്ടിന്റെ പണി കിട്ടിയത്. വാഹന പരിശോധനയുടെ ഭാഗമായി പോലീസ് ബസ് കൈകാണിച്ചു നിര്‍ത്തിയശേഷം ഡ്രൈവറോടു ബ്രീത്ത് അനലൈസറിലേക്കു ഊതാന്‍ ആവശ്യപ്പെട്ടതോടെയാണ് സംഗതി വഷളായത്. ഉടന്‍ തന്നെ ഡ്രൈവര്‍ ഊതുകയും ബ്രീത്ത് അനലൈസറില്‍ നിന്നും ബീപ് ശബ്ദം കേള്‍ക്കുകയും ചെയ്തു.
ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നു പറഞ്ഞ് പോലീസ് ബസ് ഓടിക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞു. പ്രശ്നത്തില്‍ കണ്ടക്ടര്‍ ഇടപെട്ടു. ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്നും അല്പം മുമ്പ് പത്തു രൂപയുടെ പായ്ക്കറ്റില്‍ കിട്ടുന്ന മാങ്ങ ജ്യൂസ് കുടിച്ചതായിരിക്കും ബീപ് ശബ്ദം കേള്‍ക്കാനുണ്ടായ സാഹചര്യമെന്നും കണ്ടക്ടര്‍ വീശദികരിച്ചു. കണ്ടക്ടറോട് ബ്രീത്ത് അനലൈസറിലേക്ക് ഊതാന്‍ പോലീസ് ആവശ്യപ്പെട്ടു. കണ്ടക്ടര്‍ ഊതിയെങ്കിലും ബീപ് ശബ്ദം കേട്ടില്ല. അതോടെ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നു പോലീസ് ഉറപ്പിച്ചു. എന്നാല്‍ മദ്യപിച്ചിട്ടില്ലെന്നു ഡ്രൈവറും കണ്ടക്ടറും ഉറപ്പിച്ചു പറഞ്ഞതോടെ മറ്റൊരു പരീക്ഷണത്തിനു പോലീസ് തയാറായി. സമീപത്തുള്ള കടയില്‍നിന്ന് 10 രൂപയുടെ മാങ്ങ ജ്യൂസ് വാങ്ങി കുടിക്കാന്‍ പോലീസ് കണ്ടക്ടറോട് ആവശ്യപ്പെട്ടു.
ഉടന്‍ തന്നെ കണ്ടക്ടര്‍ കടയിലെത്തി മാങ്ങ ജ്യൂസ് വാങ്ങി കുടിച്ചു. തുടര്‍ന്ന് വീണ്ടും കണ്ടക്ടറോട് ബ്രീത്ത് അനലൈസറിലേക്ക് ഊതാന്‍ പോലീസ് പറഞ്ഞു. ഇത്തവണ കണ്ടക്ടര്‍ ഊതിയതു ഉടന്‍ തന്നെ ബീപ് ശബ്ദം കേട്ടു. പിന്നീട് കണ്ടക്ടറും ഡ്രൈവറും പറഞ്ഞതു സത്യമാണെന്ന് പോലീസിനു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ബസ് പോകാന്‍ അനുവദിക്കുകയായിരിന്നു.