26.6 C
Kottayam
Saturday, May 18, 2024

ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം,ബംഗ്‌ളാദേശികളായ തൊഴിലാളികള്‍ അറസ്റ്റില്‍

Must read

ചെങ്ങന്നൂര്‍: വീട്ടില്‍ പണിക്കെത്തിയ അന്യദേശ തൊഴിലാളികള്‍ വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ചും വെട്ടിയും മൃഗീയമായി കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. സംഭവത്തില്‍ ഒളിവിലായിരുന്ന ഇവരുടെ വീട്ടില്‍ പുറംപണിക്ക് നിന്നിരുന്ന രണ്ട് ബംഗ്ലാദേശിത്തൊഴിലാളികളെ ചൊവ്വാഴ്ച രാത്രിയോടെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടി.കേരള പോലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആര്‍.പി.എഫും റെയില്‍വേ പോലീസുമാണ് ലബലു, ജുവല്‍ എന്നിവരെ കുടുക്കിയത്.

വെണ്മണി കൊടുകുളഞ്ഞി കരോട് പാറച്ചന്ത ജംഗ്ഷനു സമീപം ആഞ്ഞിലിമൂട്ടില്‍ കെ.പി. ചെറിയാന്‍ (കുഞ്ഞുമോന്‍-75), ഭാര്യ ലില്ലി (68) എന്നിവരാണ് മരിച്ചത്. കമ്പിപ്പാരകൊണ്ട് തലയ്ക്കടിയേറ്റാണ് ചെറിയാന്‍ മരിച്ചത്. മൃതദേഹത്തിനു സമീപം കമ്പിപ്പാര കിടപ്പുണ്ടായിരുന്നു. മണ്‍വെട്ടികൊണ്ടുള്ള വെട്ടേറ്റാണ് ലില്ലി മരിച്ചത്. സമീപം മണ്‍വെട്ടി ഒടിഞ്ഞുകിടപ്പുണ്ടായിരുന്നു.കേരളത്തിനു പുറത്തും വിദേശത്തും ഏറെക്കാലം ജോലിചെയ്തിരുന്ന ദമ്പതികള്‍ നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. മക്കളും മരുമക്കളും വിദേശത്താണ്. ഇവരെത്തിയാലേ മോഷണം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാന്‍ കഴിയു.

തിങ്കളാഴ്ചയാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ സുഹൃത്തുക്കളോടൊപ്പം ആലപ്പുഴ കായലില്‍ ബോട്ടിംഗിന് പോകാനിരിക്കുകയായിരുന്നു ചെറിയാന്‍. ഇതേക്കുറിച്ച് പറയാന്‍ സുഹൃത്തുക്കള്‍ തിങ്കളാഴ്ച പലതവണ ചെറിയാനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ രാവിലെ അവര്‍ വീട്ടിലെത്തി. തലേന്ന് വൈകിട്ട് കൊണ്ടുവന്ന പാല്‍ വരാന്തയില്‍ ഇരിപ്പുണ്ടായിരുന്നു. വീടിന്റെ പിന്‍ഭാഗത്തെ കതക് ചാരിയ നിലയിലായിരുന്നു. അടുക്കളയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു ലില്ലിയുടെ മൃതദേഹം.

അകത്തെ മുറിയിലെ അലമാരയില്‍ നിന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ടിരുന്നു. ഹാളിലെ കസേര മറിഞ്ഞുകിടപ്പുണ്ടായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് വീടിന് പിന്‍ഭാഗത്തെ സ്റ്റോര്‍റൂമില്‍ കമഴ്ന്നുകിടക്കുന്ന ചെറിയാന്റെ മൃതദേഹം കണ്ടത്.ബന്ധുക്കളും സുഹൃത്തുക്കളും വീടിനു സമീപം താമസിക്കുന്നുണ്ടെങ്കിലും കനത്ത മഴയായിരുന്നതിനാല്‍ ബഹളം ആരും കേട്ടില്ല. കൊടുകുളഞ്ഞി കരോട് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് പിന്നിലുള്ള വീട്ടില്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതികളായ ലബ്ലുവും ജുവലും.ചെറിയാന്റെ വീട്ടുപറമ്പിലെ കാട് നീക്കുന്ന ജോലികള്‍ നടന്നുവരികയായിരുന്നു.

കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ചിലെ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ പ്രധാന സംഘാടകരാണ് ചെറിയാനും ലില്ലിയും. കൂട്ടായ്മയ്ക്കു പോകേണ്ടതിനാല്‍ ഞായറാഴ്ച വരേണ്ടെന്ന് തൊഴിലാളികളോട് പറഞ്ഞിരുന്നു. പക്ഷേ, നേരത്തേ വന്ന തൊഴിലാളികള്‍ക്ക് പകരം ലബ്ലുവും ജുവലും ഞായറാഴ്ച വന്നു. ചെറിയാന്‍ പ്രാര്‍ത്ഥനയ്ക്കു പോയി മടങ്ങിവന്ന ശേഷമാണ് കൊലപാതകം നടന്നത്.ഇതരസംസ്ഥാനക്കാരായ തൊഴിലാളികളാണ് ഇവരെ ചെറിയാന്റെ വീട്ടില്‍ പണിക്ക് ഏര്‍പ്പാടാക്കിയതെന്ന് അറിയുന്നു. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week