കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എം.സി.കമറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമേഹം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലാണ് കമറുദ്ദീനെ പ്രവേശിപ്പിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്നാണ് കമറുദ്ദീനെ ആശുപത്രിയിലെത്തിച്ചത്.
സംസ്ഥാനത്ത് ആദ്യമായാണ് സാമ്പത്തികതട്ടിപ്പ് കേസില്‍ ഒരു എംഎല്‍എ അറസ്റ്റിലായത്. 420 (വഞ്ചന), 34 (ഗൂഢാലോചന) എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. ചന്തേര, കാസര്‍ഗോഡ്, ബേക്കല്‍, പയ്യന്നൂര്‍ പോലീസ് സ്റ്റേഷനുകളിലായി 115 കേസുകളാണ് എംഎല്‍എയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളില്‍ നിക്ഷേപകരുടെ 13 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇതില്‍ ചന്തേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ മൂന്നു കേസുകളിലാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2006ല്‍ ചന്തേരയിലാണ് കമറുദ്ദീന്‍ ചെയര്‍മാനും കൂട്ടുപ്രതി ടി.കെ.പൂക്കോയ തങ്ങള്‍ മാനേജിംഗ് ഡയറക്ടറുമായി ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ആരംഭിച്ചത്. പിന്നീട് 2008-ല്‍ ഒമര്‍ ഫാഷന്‍ ഗോള്‍ഡ്, 2009-ല്‍ നുജൂം ഗോള്‍ഡ്, 2012-ല്‍ ഫാഷന്‍ ഓര്‍ണമെന്റ്‌സ് എന്നീ സ്ഥാപനങ്ങള്‍കൂടി രജിസ്റ്റര്‍ ചെയ്തു. പൂക്കോയ തങ്ങള്‍ ഇകെ വിഭാഗം സുന്നികളുടെ നേതാവും ലീഗ് ജില്ലാ പ്രവര്‍ത്തകസമിതിയംഗവുമാണ്.
12 മുതല്‍ 14 ശതമാനം വരെ തുക പ്രതിമാസം പലിശയിനത്തില്‍ വാഗ്ദാനം ചെയ്താണ് ഇവര്‍ നിക്ഷേപം സ്വീകരിച്ചത്. 800 ഓളം പേരില്‍നിന്നായി 140 കോടിയോളം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായാണ് സൂചന. 2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഈ സ്ഥാപനങ്ങള്‍ മുഴുവനും അടച്ചുപൂട്ടിയതോടെയാണ് തങ്ങള്‍ ചതിക്കപ്പെട്ട വിവരം നിക്ഷേപകര്‍ മനസിലാക്കിയത്.
പണം കിട്ടില്ലെന്ന് ഉറപ്പായതോടെ ഈവര്‍ഷം ഓഗസ്റ്റ് 27ന് ആദ്യ പരാതി ചന്തേര പോലീസ് സ്റ്റേഷനിലെത്തി. 36 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മൂന്നുപേരാണ് പരാതി നല്‍കിയത്. തുടര്‍ന്ന് നിരവധിപേര്‍ പരാതിയുമായി എത്തി. പ്രശ്‌നപരിഹാരത്തിനായി ലീഗ് സംസ്ഥാനനേതൃത്വം മധ്യസ്ഥനായി ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ നിക്ഷേപകരുടെ പണമെല്ലാം പലവഴിക്ക് ചെലവാകുകയും ജ്വല്ലറിയുടെ ആസ്തികള്‍ മറിച്ചുവില്‍ക്കുകയും ചെയ്തതോടെ പണം തിരിച്ചുകൊടുക്കുക സാധ്യമല്ലെന്നു വ്യക്തമായതോടെ ലീഗ് നേതൃത്വം കമറുദ്ദീനെ കൈയൊഴിഞ്ഞു.