കാസര്‍കോട്: കുഞ്ചത്തൂരില്‍ അംഗപരിമിതനായ യുവാവിനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കര്‍ണാടക സ്വദേശിയായ ഹനുമന്തപ്പയെ കൊലപ്പെടുത്തിയ കേസിലാണ് പോലീസിന്റെ നിര്‍ണായക കണ്ടെത്തല്‍. യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം അപകടമരണമെന്ന് വരുത്തി തീര്‍ക്കാനായി മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചതായാണ് പോലീസ് പറയുന്നത്.
തലപ്പാടി ദേവിപുരയിലെ വീട്ടില്‍വച്ച് ഹനുമന്തയെ കൊലപ്പെടുത്തുകയായിരുന്നു. ഈമാസം അഞ്ചാം തീയതി പുലര്‍ച്ചെ മംഗളൂരുവിലെ ഹോട്ടല്‍ അടച്ച് ഹനുമന്ത വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യക്കൊപ്പം കാമുകനെ കണ്ടതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കം ഏറ്റുമുട്ടലിലേക്ക് വഴിമാറിയതോടെ ഹനുമന്തയെ ഭാര്യയും കാമുകനും ചേര്‍ന്ന് മര്‍ദിച്ചു. നിലത്തുവീണ അംഗപരിമിതന് കൂടിയായ ഹനുമന്തയെ കാമുകന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മരണവെപ്രാളത്തില്‍ ഹനുമന്ത കാലുകള്‍ നിലത്തിട്ടടിക്കുമ്പോള്‍ ഭാര്യ കാലുകള്‍ അമര്‍ത്തിപ്പിടിച്ചെന്നും പോലീസ് പറയുന്നു.
തുടര്‍ന്ന് കാമുകന്റെ സ്കൂട്ടറിന് പിറകില്‍ മൃതദേഹംവച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം അകലെയുള്ള കുഞ്ചത്തൂര്‍ പദവില്‍ എത്തി. മൃതദേഹത്തിന്റെ കെട്ടഴിഞ്ഞതോടെയാണ് അവിടെ ഉപേക്ഷിച്ചതെന്നും സൂചനയുണ്ട്. ഇതിന് സമീപത്തായി ഹനുമന്തയുടെ സ്കൂട്ടര്‍ മറിച്ചിട്ട് വാഹനാപകടമെന്ന് വരുത്തി തീര്‍ത്തു. 23 കാരനായ കാമുകന് ഇടയ്ക്കിടെ വീട്ടില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഹനുമന്ത ഇത് വിലക്കിയിരുന്നു. കൊലയ്ക്ക് ഒരാഴ്ച മുന്‍പും ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. മഞ്ചേശ്വരം പോലീസാണ് അന്വേഷണം നടത്തുന്നത്.