ജയ്‌സാല്‍മീര്‍: അതിര്‍ത്തിയില്‍ ആരെങ്കിലും പരീക്ഷണത്തിന് മുതിര്‍ന്നാല്‍ ഉചിതമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി ദിനത്തില്‍ രാജസ്ഥാനിലെ ജയ്സാല്‍മീരില്‍ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സംരക്ഷിക്കാന്‍ സദാ ഉണര്‍ന്നിരിക്കുന്നവരാണ് സൈനികര്‍. ദീപാവലി ആഘോഷം പൂര്‍ണമാകുന്നത് സൈനികര്‍ക്കൊപ്പം ആഘോഷിക്കുമ്പോഴാണ്. എല്ലാ ഭാരതീയരുടെയും പേരില്‍ സൈനികര്‍ക്ക് ആശംകള്‍ നേരുന്നു.
സമാനകളില്ലാത്ത ധൈര്യമാണ് നമ്മുടെ സൈനികരുടേത്. എന്തും നേരിടാനുള്ള കരുത്ത് നമുക്കുണ്ടെന്ന് നാം തെളിയിച്ചു. സൈനികരാണ് രാജ്യത്തിന്റെ സമ്പത്ത്. ഭാരതത്തെ തകര്‍ക്കാനോ ഇല്ലാതാക്കാനോ ഒരു ശക്തിയ്ക്കും കഴിയില്ല. അതിര്‍ത്തിയില്‍ പാകിസ്താന്‍ കണ്ടത് നമ്മുടെ സൈനികരുടെ ശൗര്യമാണ്. പാകിസ്താന്റെ കടന്നാക്രമണങ്ങളെ ഇന്ത്യ തകര്‍ത്തെറിഞ്ഞു.
വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന ശക്തികളെക്കൊണ്ട് ലോകം കുഴപ്പത്തിലായിരിക്കുകയാണ്. വൈകൃത മനസുകളാണ് അവരെ നയിക്കുന്നത്. മറ്റുള്ളവരെ മനസിലാക്കുകയും മനസിലാക്കിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍ അതിനെ പരീക്ഷിക്കാന്‍ വന്നാല്‍ കടുത്ത മറുപടി നല്‍കും.
ഞാന്‍ എല്ലാ വര്‍ഷവും സൈനികരെ കാണാന്‍ പോകുന്നത് എന്തുകൊണ്ടാണെന്ന് ചിലര്‍ ചിന്തിച്ചേക്കാം. എന്നാല്‍ ഒരു കാര്യം പറയട്ടെ, ദീപാവലി കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ഒരു ഉത്സവമാണ്, നമ്മള്‍ സ്വന്തമെന്ന് വിളിക്കുന്നവരോടൊപ്പമാണ് ആഘോഷിക്കുന്നത്. അതിനാല്‍ ഓരോ വര്‍ഷവും ഞാന്‍ എല്ലാവരുമായും സമയം ചെലവഴിക്കുന്നു, കാരണം നിങ്ങള്‍ എല്ലാവരും എന്റെ സ്വന്തവും എന്റെ കുടംബവുമാണ്. നരേന്ദ്ര മോദി പറഞ്ഞു.
2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം എല്ലാ വര്‍ഷവും നരേന്ദ്രമോദി ദീപാവലി ആഘോഷിക്കുന്നത് സൈനികര്‍ക്കൊപ്പമാണ്. കഴിഞ്ഞ വര്‍ഷം ജമ്മു കഷ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികര്‍ക്കൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചത്.