ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 44,684 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. 520 പേര്‍ക്കാണ് കൊവിഡ് മൂലം ഇന്നലെ ജീവന്‍ നഷ്ടപ്പെട്ടത്. ഇതുവരെ മരിച്ചവരുടെ എണ്ണം 1,29,188 ആയി. വിവിധ സംസ്ഥാനങ്ങളിലായി 4.80 ലക്ഷം പേര്‍ രാജ്യത്ത് സജീവ രോഗികളായുണ്ട്. 81.63 ലക്ഷം പേര്‍ രോഗമുക്തരായി.
നിലവില്‍ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 92.97 ശതമാനമാണ്. മരണനിരക്ക് 1.47 ശതമാനവും രേഖപ്പെടുത്തി. 7,800 പേര്‍ക്കാണ് ഇന്നലെ മാത്രം ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഡല്‍ഹിയില്‍ തന്നെ. ഇക്കാര്യത്തില്‍ കേരളം തൊട്ടുപിന്നിലുണ്ട്. 5804 പേര്‍ക്കാണ് കേരളത്തില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ നിരവധി നിയന്ത്രണ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ദീവാലി ദിനങ്ങളില്‍ പടക്കം പോലുള്ളവ പൊട്ടിക്കുന്നതിനും ആഘോഷങ്ങള്‍ നടത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനതീവ്രത കൂടിയ മറ്റൊരു സംസ്ഥാനമായ മഹാരാഷ്ട്രയില്‍ വരുന്ന ജനുവരി ഫെബ്രുവരി മാസത്തില്‍ അടുത്ത കൊവിഡ് വ്യാപനത്തിനു സാധ്യതയുണ്ടെന്നാണ് കരുതുന്നത്.