ചെന്നൈ: വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാര ചര്‍ച്ച തര്‍ക്കമായി മാറിയപ്പോള്‍ ഒരു കുടുംബത്തിലെ മുന്ന് പേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനില്‍ നിന്നും ചെന്നൈയില്‍ വന്ന് താമസിക്കുന്ന 74 കാരന്‍ ദളിചന്ദ്, ഭാര്യ 70 കാരി പുഷ്പ ചന്ദ്, 42 കാരനായ മകന്‍ ശീതള്‍ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ശീതളിന്റെ ഭാര്യയേയും സഹോദരനേയും പോലീസ് തെരയുകയാണ്. സാമ്പത്തീക ഇടപാട് സ്ഥാപനം നടത്തിയിരുന്ന ദളിചന്തിനെയും കുടുംബത്തെയും ബുധനാഴ്ചയാണ് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ശീതളിന്റെ ഭാര്യയും പൂനെ സ്വദേശിയുമായ ജയമാലയ്ക്കും സഹോദരന്മാര്‍ക്കും വേണ്ടി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
മരുമകളുടെ വെടിയേറ്റാണ് ദളിചന്ദും ഭാര്യയും മകനും മരിച്ചതെന്നാണ് പോലീസ് നിഗമനം. രാജസ്ഥാന്‍ ജാവല്‍ സ്വദേശികളായ ദളിചന്ദും കുടുംബവും വര്‍ഷങ്ങളായി ചെന്നൈയിലെ സ്ഥിരതാമസക്കാരാണ്. ഒരു ധനകാര്യ സ്ഥാപനം നടത്തിയാണ് ഇവര്‍ ജീവിക്കന്നത്. ജനത്തിരക്കേറിയ സൗക്കാര്‍ പേട്ടിലെ വിനായക് സ്ട്രീറ്റിലെ മൂന്ന് നില കെട്ടിടത്തില്‍ ഒന്നാം നിലയിലാണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ ബുധനാഴ്ച വൈകിട്ട് ആറിനും ഒമ്പതിനും ഇടയിലുള്ള സമയത്തായിരിക്കാം കൊല്ലപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്. മൂന്നു പേരും വെടിയേറ്റാണ് മരിച്ചത്. എന്നാല്‍ തൊട്ടയല്‍ക്കാര്‍ പോലും വെടിശബ്ദമോ മറ്റോ കേട്ടിട്ടുമില്ല. കൃത്യം നടത്താന്‍ സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക് ഉപയോഗിച്ചിരിക്കാം എന്നാണ് നിഗമനം. സംഭവം നടന്ന സ്ഥലത്തിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും നിര്‍്ണ്ണായക വിവരങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്.
ജയമാലയ്ക്ക് വേണ്ടി പൂനെയിലെ വീട്ടില്‍ മഹാരാഷ്ട്രാ പോലീസും തെരച്ചില്‍ നടത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയാണ്. ദാമ്പത്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ശീതളും ജയമാലയും തമ്മിലുള്ള വിവാഹമോചന ഹര്‍ജി കോടതിയിലാണ്. ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്. ജീവനാംശമായി അഞ്ചു കോടി രൂപയാണ് ജയമാല ശീതളില്‍ നിന്നും ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കവും നില നില്‍ക്കുന്നുണ്ട്. നേരത്തേ ഇക്കാര്യം പറഞ്ഞു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ചൊവ്വാഴ്ച ജയമാലയും സഹോദരങ്ങളായ വികാസും കൈലാസും മറ്റു രണ്ടു ബന്ധുക്കളും പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ ശീതളിന്റെ വീട്ടില്‍ എത്തിയിരുന്നു.
ചര്‍ച്ചയ്ക്കായി എത്തിയ ജയമാല ഒരു തോക്കും കരുതിയിരുന്നു. ചര്‍ച്ച തര്‍ക്കത്തിലേക്ക് വഴിമാറിയതോടെ ജയമാല കരുതിയിരുന്ന തോക്കെടുത്ത് ശീതളിനെയും മാതാപിതാക്കളെയും വെടിവെയ്ക്കുകയായിരുന്നു. മൂന്ന് പേരും മരിച്ചെന്ന് ഉറപ്പായതോടെ ഒന്നും സംഭവിക്കാത്ത പോലും ഇവര്‍ വെളിയിലിറങ്ങി. ജയമാലയും സഹോദരന്മാരും കാറിലും ബന്ധുക്കള്‍ ട്രെയിനിലുമായി മുങ്ങുകയും ചെയ്തു. രാത്രി തന്നെ വിവരം പുറത്തറിഞ്ഞതോടെ പോലീസ് ആര്‍പിഎഫിന് പ്രതികളുടെ വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ്.