28.4 C
Kottayam
Tuesday, April 30, 2024

‘മതമല്ല, മതമല്ല പ്രശ്നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം’ തന്നോടൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മോനോനെതിരെ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍

Must read

പാലക്കാട്: തന്നോടൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ ദേശീയ അവാര്‍ഡ് ജേതാവ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനെതിരെ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍ പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലാണ് സംഭവം. ഇന്ന് പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നടന്ന കോളജ് ഡേയില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെയാണ് മുഖ്യാതിഥിയായി സംഘാടകര്‍ തീരുമാനിച്ചിരുന്നത്. മാഗസിന്‍ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത് സംവിധായകന്‍ അനില്‍ രാധാകൃഷ്ണനെയുമാണ്. എന്നാല്‍ ബിനീഷ് ബാസ്റ്റിന്‍ വരുന്ന വേദിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് അനില്‍ രാധാകൃഷ്ണന്‍ നിലപാടെടുത്തതോടെ സംഘാടകര്‍ വെട്ടിലായി. അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ മാഗസിന്‍ റിലീസ് ചടങ്ങ് പൂര്‍ത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം ബിനീഷിനോട് എത്തിയാല്‍ മതിയെന്ന് സംഘാടകര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് ബിനീഷ് പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡേ വേദിയില്‍ കയറി സ്റ്റേജിലെ തറയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

ബിനീഷിനെ തടയാന്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇവരെയെല്ലാം തട്ടിമാറ്റി ബിനീഷ് സ്റ്റേജിലേക്ക് പോകുകയായിരുന്നു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞുവെങ്കിലും ബിനീഷ് അത് വകവച്ചില്ല. വേദിയില്‍ നിന്ന് ഇറങ്ങാന്‍ പലരും പറഞ്ഞുവെങ്കിലും ബിനീഷ് വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈ സമയത്തെല്ലാം അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പോഡിയത്തില്‍ നില്‍ക്കുകയായിരുന്നു. കോളജ് യൂണിയന്‍ ഭാരവാഹികളും അധ്യാപകരും ബിനീഷിനടുത്തെത്തി കസേരയില്‍ ഇരിക്കാന്‍ പറഞ്ഞുവെങ്കിലും ബിനീഷ് കൂട്ടാക്കിയില്ല.

തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ദിവസമാണ് ഇതെന്ന് ബിനീഷ് പറഞ്ഞു. സാധാരണക്കാരനായ താന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സഹകരിക്കില്ലെന്ന് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതായി കോളജ് ചെയര്‍മാന്‍ തന്നോട് വെളിപ്പെടുത്തിയപ്പോള്‍ പ്രതിഷേധിക്കാതെ തരമില്ലെന്ന് തീരുമാനിക്കേണ്ടി വന്നു. ‘ഞാന്‍ മേനോനല്ല. നാഷണല്‍ അവാര്‍ഡ് ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാന്‍ ഒരു ടൈല്‍സ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തില്‍ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്’ തൊണ്ടയിടറിക്കൊണ്ട് ബിനീഷ് പറയുന്നു. വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് തനിക്ക് പറയാനുള്ളത് എഴുതിക്കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ബിനീഷ് ആ കുറിപ്പ് വേദിയില്‍ തുറന്ന് വായച്ചു.

‘മതമല്ല, മതമല്ല പ്രശ്നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം. ഏത് മതക്കാരനല്ല പ്രശ്നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്’-ഇത് വായിക്കുമ്പോള്‍ ബിനീഷിന്റെ തൊണ്ട ഇടറുകയായിരുന്നു. ശേഷം നന്ദി പറഞ്ഞും പരിപാടി ഗംഭീരമാകട്ടെയെന്ന് ആശംസിച്ച ശേഷമാണ് ബിനീഷ് വേദിവിട്ട് ഇറങ്ങിയത്.

വീഡിയോ കാണാം :

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week