ഹൈദരാബാദ്: സ്വര്‍ണാഭരണ മോഷണ കേസില്‍ 15 മാസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍, തുമ്പായത് വാട്‌സ്ആപ്പ് സ്റ്റാറ്റസ്. അയല്‍വാസിയുടെ അമ്മ വാട്സ്ആപ്പ് സ്റ്റാറ്റസായി ഇട്ട ചിത്രമാണ് മാസങ്ങള്‍ നീണ്ടിട്ടും തെളിയാക്കാന്‍ കഴിയാതിരുന്ന കേസില്‍ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. വാട്സ്ആപ്പ് സ്റ്റാറ്റസില്‍ പ്രതിയുടെ അമ്മ ധരിച്ച സ്വര്‍ണാഭരണം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസി പോലീസിനെ അറിയിക്കുകയായിരുന്നു.
ഹൈദരാബാദില്‍ രാച്ചക്കണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്നരവര്‍ഷം മുന്‍പാണ് മോഷണം നടന്നത്. രവികിരണിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണാഭരണം മോഷണം പോയത്. ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയെത്തിയ രവികിരണ്‍ വീട് തുറന്നു കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ തെരച്ചലിലാണ് സ്വര്‍ണാഭരണം മോഷണം പോയ കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അടുത്തിടെയാണ് അയല്‍വാസി വാട്സ്ആപ്പ് സ്റ്റാറ്റസായി സ്വന്തം ചിത്രം ഇട്ടത്. ഇതില്‍ ധരിച്ചിരിക്കുന്ന സ്വര്‍ണാഭരണം രവികിരണിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തന്റെ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണാഭരണമാണിത് എന്ന് കാണിച്ച് രവികിരണ്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ അമ്മയാണ് സ്വര്‍ണാഭരണം ധരിച്ച് കൊണ്ട് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത്.