കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി പല തവണ തന്നെ ഉപദ്രവിച്ചിരുന്നെന്ന് കൊല്ലപ്പെട്ട സിലിയുടെ പതിനാറുകാരനായ മകന്‍. അന്വേഷണ സംഘത്തോടാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടത്തായിയിലെ വീട്ടില്‍ ജീവിച്ചത് അപരിചിതനെപ്പോലെയാണെന്നും സിലിയുടെ മരണശേഷം ജോളി പല തവണ ഉപദ്രവിച്ചെന്നും മകന്‍ പറഞ്ഞു. സിലിയുടെ മരണശേഷം ഭര്‍ത്താവ് ഷാജു ജോളിയെ വിവാഹം കഴിച്ചതോടെ കുട്ടി പിന്നീട് പൊന്നാമറ്റം വീട്ടിലാണു താമസിച്ചിരുന്നത്. വീട്ടില്‍ രണ്ടാനമ്മയില്‍നിന്നു തരംതിരിവുണ്ടായെന്നും കുട്ടി അന്വേഷണ സംഘത്തോടു പറഞ്ഞു.
ആല്‍ഫൈന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി ഇന്‍സ്‌പെക്ടര്‍ ഷാജു ജോസഫ്, സിലിയുടെ മരണത്തില്‍ വടകര കോസ്റ്റല്‍ ഇന്‍സ്പക്ടര്‍ ബി.കെ. സിജു എന്നിവരാണു സിലിയുടെ മകന്റെ മൊഴി രേഖപ്പെടുത്തിയത്. കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ കേസായിട്ടാണു സിലിയുടെ കൊലപാതകം പോലീസ് അന്വേഷിക്കുന്നത്. ഈ കേസില്‍ പ്രതി ജോളിയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രം തയാറാക്കി തുടങ്ങിയിട്ടുണ്ട്. റോയ് തോമസിന്റെ കേസിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഇതുവരെ രേഖപ്പെടുത്തിയവരുടെ മൊഴികള്‍ പ്രത്യേകം എഴുതി തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമേ, ഓരോ കേസുമായി ബന്ധപ്പെട്ടും പ്രതികള്‍ നല്‍കിയ മൊഴികളും അതാത് അന്വേഷണസംഘം പ്രത്യേകം രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് വിസ്തരിക്കേണ്ടവരുടെയും മൊഴികള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.