ന്യൂഡല്‍ഹി: നടിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ ഡോ. എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ സെക്രട്ടറി സി. ടി രവി, ദേശീയ വക്താവ് സംബിത് പത്ര എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഖുശ്ബു ബിജെപി പാളയത്തിലെത്തുന്നത്. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി കോണ്‍ഗ്രസ് നടപടി സ്വീകരിച്ചതിന് പിന്നാലെ ഖുശ്ബു പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടിക്കുള്ളിലെ കല്ലുകടി തുറന്നുകാട്ടി സോണിയാ ഗാന്ധിക്ക് ഖുശ്ബു കത്തയക്കുകയും ചെയ്തു. പാര്‍ട്ടിക്കുള്ളില്‍ അടിച്ചമര്‍ത്തലാണെന്നും, ജനസമ്മതിയില്ലാത്ത ആളുകളാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നുമായിരുന്നു ഖുശ്ബു രാജിക്കത്തില്‍ വ്യക്തമാക്കിയത്.
2014 ല്‍ കോണ്‍ഗ്രസിലെത്തിയ ഖുശ്ബു ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഖുശ്ബു ബിജെപിയിലേക്കെന്ന തരത്തില്‍ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ശനിയാഴ്ചയിലെ ഖുശ്ബുവിന്റെ ട്വീറ്റാണ് വീണ്ടും ചര്‍ച്ചയായത്. ഇക്കാലത്തിനിടയില്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായെന്നും മാറ്റം അനിവാര്യമാണെന്നുമുള്ള അര്‍ത്ഥത്തോടെയായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ ഇന്നലെ ഖുശ്ബു ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്തിരുന്നു.