ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന യുവാക്കളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന യുവാക്കളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മര്‍ദനമേറ്റ രണ്ടുപേര്‍ ഗുരുതര പരുക്കുമായി ചികിത്സയിലാണ്. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും ഫോര്‍ട്ട് കൊച്ചി സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

ഫോര്‍ട്ട്കൊച്ചി കസ്റ്റംസ് ജെട്ടിക്ക് സമീപത്തെ പറമ്പില്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കെ ഇന്നലെ വൈകിട്ട് ആറരയോടെയാണ് പോലീസ് സംഘം എത്തുന്നത്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയെന്ന് ആരോപിച്ചായിരുന്നു പോലീസ് മര്‍ദനം. പട്ടിക കഷ്ണം ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് യുവാക്കളുടെ പരാതി.

പരുക്കേറ്റ അഞ്ച് യുവാക്കളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. സ്വകാര്യ ആശുപതിയില്‍ ചികിത്സയിലുള്ള ഷാനുവിന്റെ കണ്ണിന് സാരമായ പരുക്കുണ്ട്. പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മര്‍ദനത്തിന് ശേഷം മടങ്ങാനൊരുങ്ങിയ പോലീസുകാരെ ഇന്നലെ നാട്ടുകാര്‍ തടയുകയും സ്റ്റേഷന്‍ വളയുകയും ചെയ്തിരുന്നു. ജനപ്രതിനിധികള്‍ ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News