ലക്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗക്കേസിന് പിന്നാലെ കലാപത്തിന് നീക്കം നടന്നുവെന്ന് ഉത്തര്‍പ്രദേശ് പോലീസിന്റെ പുതിയ എഫ്.ഐ.ആര്‍. സംഭവത്തിനു പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയെന്നും എഫ്ഐആറില്‍ പറയുന്നു. ‘ജസ്റ്റിസ് ഫോര്‍ ഹത്രസ് വിക്ടിം’ എന്ന വെബ്‌സൈറ്റിലൂടെയാണ് കലാപത്തിന് ആഹ്വാനം നടന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് വെടിവയ്പ്പും കണ്ണീര്‍വാതക പ്രയോഗവുമുണ്ടായാല്‍ എങ്ങനെ നേരിടണമെന്നും മറ്റുമാണ് സൈറ്റിലുള്ളത്.
അജ്ഞാതരായ വ്യക്തികള്‍ക്കെതിരെയാണ് കേസ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാത്ത ആളുകള്‍ക്കെതിരെയാണ് ഹാഥ്‌റസിലെ ചാന്ദ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹത്രാസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് യു.പി പോലീസ് ഏറെ വിമര്‍ശം ഏറ്റുവങ്ങേണ്ടി വന്നു. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുമായി പോലീസ് രംഗത്തെത്തിയത്.
വികസന പ്രവര്‍ത്തനങ്ങള്‍ വലിതോതില്‍ നടക്കുമ്പോള്‍ അതിനെതിരായ ആസൂത്രിത നീക്കമാണെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് ശേഷം മണിക്കൂറുകള്‍ക്ക് അകമാണ് പോലീസ് പുതിയ എഫ്ഐആര്‍ എന്നതും ശ്രദ്ധേയമാണ്.