തിരുവനന്തപുരം:ഇന്ന് വിജയദശമി ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കും.
ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ പുലര്‍ച്ചെ നാലു മണിയോടെ ആരംഭിച്ചു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ രഥോത്സവത്തിന് ശേഷം ഇന്ന് പുലര്‍ച്ചെ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങി.ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ ഗുരുക്കന്‍മാര്‍ കുട്ടികളെ എഴുത്തിനിരുത്തും.
സ്വര്‍ണ മോതിരം കൊണ്ട് നാവിലും ചൂണ്ടു വിരല്‍ കൊണ്ട് അരിയിലും ഹരിശ്രീ ഗണപതായെ നമഃ എന്നെഴുതിയാണ് വിദ്യാരംഭം കുറിക്കുന്നത്. ദക്ഷിണ മൂകാംബിക എന്ന് അറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലും വന്‍ ഭക്തജനത്തിരക്കാണ്. തിരൂര്‍ തുഞ്ചന്‍പറമ്പിലും നൂറുകണക്കിന് കുട്ടികളാണ് എത്തിയിരിയ്ക്കുന്നത്.
കവികളും, സംഗീതജ്ഞരും സരസ്വതി മണ്ഡപത്തില്‍ കുരുന്നുകളെ കലകളില്‍ വിദ്യാരംഭം കുറിപ്പിക്കും. കഴിഞ്ഞ വര്‍ഷം നാലായിരത്തോളം കുരുന്നകളാണ് വിദ്യാരംഭം കുറിച്ചത്. തിരുവനന്തപുരം ഐറാണിമുട്ടത്തുള്ള തുഞ്ചന്‍ സ്മാരകത്തിലും വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുന്നു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിന്ന് എത്തിച്ച മണ്ണിലാണ് ആദ്യാക്ഷരം കുറിപ്പിക്കുന്നത്. സംഗീതം, നൃത്തം എന്നിവയിലും വിദ്യാരംഭം നടക്കും.സംസ്ഥാനത്തെ വിവിധ സാംസ്‌കാരിക-മാധ്യമസ്ഥാപനങ്ങളും വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.