KeralaNewsRECENT POSTS

‘കള്ളം പറയുന്ന സര്‍ക്കാര്‍, നിശ്ചയദാര്‍ഢ്യമില്ലാത്ത ബ്യൂറോക്രസി’ നെഞ്ചുനീറുന്ന കുറിപ്പ്

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പൊളിച്ചു കളയാനൊരുങ്ങുന്ന മരട് അല്‍ഫ സെറിനിലെ താമസക്കാരന്റെ കുറിപ്പ് വൈറലാകുന്നു. ഐആര്‍എസ് ഉദ്യോഗസ്ഥനും ഡിപി വേള്‍ഡ് ജനറല്‍ മാനേജരുമായിരുന്ന സുരേഷ് ജോസഫ് തന്റെ ഫേസ്ബുക്ക് പേജുകളില്‍ കുറിച്ച വരികളാണ് കണ്ണിനെ ഇറനണിയിക്കുന്നത്. ഇന്ന് എന്റെ വീട് ഉപേക്ഷിക്കുകയാണ്, ബാല്‍ക്കണിയുടെ കമ്പിയഴികള്‍ക്കപ്പുറം കണ്ട കാഴ്ചകള്‍, പകര്‍ത്തിയ ചിത്രങ്ങള്‍… ഇനി അവ കാണാനാവില്ല, അനുഭവിക്കുകയില്ല. പത്തു വര്‍ഷം ലംഘനങ്ങള്‍ അറിയാതെ കഴിഞ്ഞ ഞാന്‍ പെട്ടെന്നൊരു ദിവസം നിയമലംഘകനായി മാറി. സുപ്രീം കോടതി വിധി മുതല്‍ ജീവിതം നിശ്ചലാവസ്ഥയിലാണ്’

 

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പൊളിച്ചു കളയാനൊരുങ്ങുന്ന മരട് അല്‍ഫ സെറിനിലെ 14ാം നിലയിലെ താമസക്കാരനായിരുന്നു അദ്ദേഹം. ഫ്ളാറ്റില്‍ നിന്ന് ഒഴിഞ്ഞു കൊടുക്കാന്‍ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹം കൊച്ചിയില്‍ തന്നെ ഒരു വാടക വീട്ടിലേയ്ക്ക് താമസം മാറ്റുകയാണ്.

 

കുറിപ്പ് വായിക്കാം

‘പലരോട് തെണ്ടി ഒടുവില്‍ എനിക്കൊരു വീട് വാടകയ്ക്ക് കിട്ടി’  സങ്കടം കലര്‍ന്ന രോഷത്തോടെ സുരേഷ് ജോസഫ് പറഞ്ഞു. ‘കള്ളം പറയുന്ന സര്‍ക്കാര്‍, നിശ്ചയദാര്‍ഢ്യമില്ലാത്ത ബ്യൂറോക്രസി, വഞ്ചകരായ ഫ്ലാറ്റ് നിര്‍മാതാക്കള്‍, ദുര്‍വാശിയുള്ള നിയമവ്യവസ്ഥ. കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച തുകകൊണ്ട് ജനിച്ച ഭൂമിയില്‍ സ്വന്തമാക്കിയ വീട്ടില്‍ നിന്നാണ് വഞ്ചനക്കിരയായി, അഭയാര്‍ഥികളായി ഇറങ്ങേണ്ടി വരുന്നത്. സ്വാഭാവിക നീതിയുടെ വിതരണമാണ് ജനാധിപത്യത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വം. ഭരണകൂടവും ജനാധിപത്യത്തിന്റെ തൂണായ നിയമ വ്യവസ്ഥ പൗരന്മാര്‍ക്ക് ഇത് നിഷേധിക്കുന്നത് ക്രൂരതയാണ്.

 

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ച് വല്ലാര്‍പടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രോജക്ടിന്റെ തലവനായി 2005-ല്‍ എത്തിയപ്പോള്‍ മുതലാണ് കൊച്ചി നിവാസിയായിത്. തുടക്കത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയാല്‍ കുടുംബത്തോടൊപ്പം അറബിക്കടലിന്റെ രാജ്ഞിയുടെ തീരത്ത് സുഖമായി താമസിക്കുകയായിരുന്നു. 2019 മെയ് 8 വരെ അതു തുടര്‍ന്നു. അന്ന് സുപ്രീംകോടതി വിധി വന്നതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അന്നു മുതല്‍ ജീവിതം നിശ്ചലാവസ്ഥയിലാണ്.

 

2018 ല്‍ കേരളത്തെ തകര്‍ത്ത വെള്ളപ്പൊക്കത്തിന് നിയമലംഘകരായ ഞങ്ങള്‍ ഉത്തരവാദികളാണെന്നാണ് സുപ്രീംകോടതി നിരീക്ഷണം. എന്നാല്‍ കഴിവില്ലാത്ത രാഷ്ട്രീയക്കാരും നിസംഗരായ ബ്യൂറോക്രസിയും സത്യം മറച്ചു വച്ചു. 2018 ലും 2019 ലും ഉണ്ടായ വെള്ളപ്പൊക്ക സമയത്ത് ആല്‍ഫ സെറീന് മുന്നിലെ ജലനിരപ്പ് 10 സെന്റിമീറ്റര്‍ പോലും ഉയര്‍ന്നില്ല. ജീവിത സായാഹ്ന വര്‍ഷങ്ങള്‍ക്കായ് നെയ്ത കിളിക്കൂട്ടില്‍ നിന്ന് ഇപ്പോള്‍ ഇറങ്ങിപ്പോകേണ്ടി വരുമ്പോള്‍ കൊച്ചി ഒരു പേടിസ്വപ്‌നമായി മാറുന്നു. ജീവിതാവസാനം വരെ പെന്‍ഷന്‍ തുക കൊണ്ട് കഴിയും പോലെ മറ്റുള്ളവരുടെ കാരുണ്യത്തില്‍ വാടക വീടുകളില്‍ ജീവിക്കുന്നതിനാണ് സംസ്ഥാനം ശിക്ഷിച്ചിരിക്കുന്നത്.’ എന്നും അദ്ദേഹം കുറിക്കുന്നു.

 

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button