മലപ്പുറം:സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ വ്യാജ കോവിഡ് സർട്ടിഫിക്കേറ്റുകൾ നൽകി പ്രവാസികളിൽ നിന്ന് തട്ടിയത് 45 ലക്ഷത്തിലേറെ രൂപ. സംഭവം നടന്നത് മലപ്പുറം വളാഞ്ചേരിയിലാണ്. നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വിദേശത്ത് പോയവർ അവിടെ നടത്തിയ പരിശോധനയിൽ പോസിറ്റിവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്. പരാതിയിൽ വളാഞ്ചേരി ലാബ് മാനേജർ അറസ്റ്റിലായെങ്കിലും ഒരു പരാതി മാത്രമാണ് പോലിസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം കരിപ്പൂർ കണ്ണൂർ അടക്കമുള്ള വിമാനത്താവളങ്ങളിൽ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് എന്ന ലാബടക്കം രാജ്യത്തെ നാല് ലാബുകളെ വിലക്കിക്കൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം എയർലൈൻസുകൾക്ക് നോട്ടീസ് നൽകിയതിനാൽ അവിടുത്തെ സർട്ടിഫിക്കറ്റുമായി എത്തിയവർക്കാണ് യാത്രാനുമതി നിഷേധിച്ചത്.
ഒരാളിൽ നിന്ന് 2250 രൂപയാണ് അർമ ലാബ് ടെസ്റ്റിന് ഈടാക്കിയിരുന്നത്. ഇങ്ങനെ ആകെ തട്ടിയത് 45ലക്ഷത്തിലേറെ രൂപയാണ്. സംസ്ഥാനത്താദ്യം കൊവിഡ് ടെസ്റ്റിന് ഐസിഎംആര് അനുമതി കിട്ടിയ സ്വകാര്യ ലാബുകളിലൊന്നാണ് കോഴിക്കോട്ടെ മൈക്രോ ഹെൽത്ത് ലാബ്. ഈ അനുമതിയുടെ മറവിലാണ് ഫ്രാഞ്ചൈസി വലിയ തട്ടിപ്പ് നടത്തിയത്.
മലപ്പുറം വളാഞ്ചേരിയിലെ മൈക്രോ ലാബിന്റെ ഫ്രാഞ്ചൈസി ആയി പ്രവർത്തിക്കുന്ന അർമ ലാബ് 2500 പേരുടെ സ്രവം പരിശോധനക്കായി ശേഖരിക്കുകയും ഇതിൽ 490 പേരുടെ സ്വാബ് മാത്രം മൈക്രോ ലാബിന് അയച്ച് കൊടുക്കുകയും ചെയ്തു. ബാക്കിയുള്ളവരുടെ സ്രവം പരിശോധിക്കാതെ തന്നെ മൈക്രോ ലാബിന്റെ വ്യാജ ലെറ്റർ പാഡിൽ നെഗറ്റിവ് സർട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുത്തു, എന്നാൽ ഇത്തരത്തിൽ നെഗറ്റിവ് സർട്ടിഫിക്കറ്റ് കിട്ടിയ ഒരാൾ സൗദിയിലെത്തി നടത്തിയ പരിശോധനയിൽ പോസിറ്റിവ് ആയി.
ഇവരുടെ പരാതിയെ തുടർന്ന് അർമ ലാബ് മാനേജരായ വളാഞ്ചേരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ലാബ് ഉടമ ചെർപ്പുളശ്ശേരി സ്വദേശി സുനിൽ സാദത്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യേപക്ഷ നൽകിയിരിക്കുകയാണ്. കൊവിഡ് പരിശോധനയ്ക്കും സ്രവശേഖരണത്തിനും സർക്കാരിന്റെ നിയന്ത്രണമില്ലാതെ പോയതാണ് പ്രശ്നകാരണം. വിവരങ്ങളപ്പോൾ ഒരു പൊതുസോഫ്റ്റ് വെയറിലേക്ക് മാറ്റിയിരുന്നുവെങ്കിൽ തട്ടിപ്പ് തടയാമായിരുന്നു.