തിരുവനന്തപുരം: വില പുതുക്കി നിശ്ചയിച്ചില്ലെങ്കില്‍ മദ്യ വിതരണം നിര്‍ത്തേണ്ടി വരുമെന്ന് മദ്യക്കമ്പനികള്‍. ഇക്കാര്യം അറിയിച്ച് ബെവ്കോ എംഡിക്ക് കമ്പനികള്‍ കത്ത് നല്‍കി. കേരള ഡിസ്റ്റലറീസ് ഇന്‍ഡസ്ട്രിയല്‍ ഫോറവും ഡിസ്റ്റലറീസ് അസോസിയേഷനുമാണ് കത്ത് നല്‍കിയത്. വില പുതുക്കി നിശ്ചയിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേരളത്തിലുള്ള മദ്യവിതരണം നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്.
2017 ലാണ് ഏറ്റവും ഒടുവില്‍ മദ്യവില പുതുക്കി നിശ്ചയിച്ചത്. ഏഴ് ശതമാനം മാത്രമാണ് അന്ന് വര്‍ധനവ് വരുത്തിയത്. എന്നാല്‍ മദ്യനിര്‍മാണത്തിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധിച്ചു, പാക്കിങ്ങിനും ഗതാഗതത്തിനും ചെലവേറിയെന്നും കമ്പനികള്‍ ബെവ്കോ എംഡിക്ക് നല്‍കിയ കത്തില്‍ പറയുന്നു.
കഴിഞ്ഞ മെയ് മാസത്തിലാണ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്. കൊവിഡ് കാലമായതിനാല്‍ ടെന്‍ഡര്‍ തുറക്കുന്നത് വൈകുകയായിരുന്നു. ജൂലൈ 26 നാണ് പിന്നീട് ടെന്‍ഡര്‍ തുറന്നത്. 96 കമ്പനികളാണ് ഇതില്‍ പങ്കെടുത്തത്. അതേസമയം കഴിഞ്ഞ തവണ പങ്കെടുത്ത 28 കമ്പനികള്‍ പങ്കെടുത്തിരുന്നുമില്ല. ജൂലൈ 26 ന് ടെന്‍ഡര്‍ തുറന്നെങ്കിലും ഇതുസംബന്ധിച്ച് തുടര്‍ നടപടികള്‍ ഉണ്ടായില്ല.