ഇറക്കം കുറഞ്ഞവസ്ത്രം ധരിച്ച് ചിത്രം പങ്കുവെച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് അനശ്വര രാജന്‍. നടിക്ക് പിന്തുണയുമായി ചലച്ചിത്ര ലോകത്ത് നിന്ന് റിമ കല്ലിങ്കല്‍ തുടങ്ങിവെച്ചത് യെസ് വീ ഹാവ് ലെഗ്സ് എന്ന ഹാഷ്ടാഗില്‍ എത്തി. ഇപ്പോഴിതാ ഈ സംഭവത്തെപ്പറ്റിയും ആണ്‍പെണ്‍ വേര്‍തിരിവുകളെ കുറിച്ചും സംസാരിക്കുകയാണ് അനശ്വര രാജന്‍. മലയാള മനോരമ വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വരയുടെ വാക്കുകള്‍.
പിറന്നാളിന് ചേച്ചി തന്ന സമ്മാനമായിരുന്നു ആ വസ്ത്രം. അതെനിക്ക് നന്നായി ചേരുന്നുണ്ടെന്ന് തോന്നിയപ്പോള്‍ ഫോട്ടോ എടുത്തു. സമൂഹ മാധ്യമങ്ങള്‍ വഴി അത് പങ്കുവെയ്ക്കുകയും ചെയ്തു. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്ന സമയത്ത് കൂട്ടുകാരിയാണ് എന്നോട് സൈബര്‍ ആക്രമണത്തെ കുറിച്ച് പറഞ്ഞത്.
അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ വ്യക്തിഹത്യ നടത്താനോ, റേപ്പ് കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കാനോ പാടില്ലല്ലോ. അവരുടെ മാനസിക പ്രശ്നമായിട്ടേ എനിക്ക് തോന്നിയുളളൂ. ആണ്‍കുട്ടി കരഞ്ഞാല്‍, അയ്യേ ഇവനെന്താ പെണ്‍കുട്ടിയെ പോലെ എന്ന് ചോദിക്കുന്നിടത്ത് നിന്ന് തുടങ്ങുന്നുണ്ട് പെണ്ണിനോടുള്ള വേര്‍തിരിവ്. പെണ്ണിനെ പോലെ കരയുന്നു എന്ന് പറയുന്നിടത്ത് പെണ്ണ് രണ്ടാംതരക്കാരിയാകുന്നു.
ബോഡി ഷെയിമിംഗില്‍ തുടങ്ങി ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാല്‍ പോലും ലൈംഗിക വസ്തുവായി കാണുന്ന സംസ്‌കാരത്തിലേക്കാണ് നമ്മള്‍ നീങ്ങുന്നതെന്ന് തോന്നുന്നു- അനശ്വര പറയുന്നു.