ഫെഫ്കയ്ക്ക് വീണ്ടും തിരിച്ചടി; വിനയനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: സംവിധായകന്‍ വിനയന്റെ വിലക്കുമായി ബന്ധപ്പെട്ട കേസില്‍ ഫെഫ്കയ്ക്ക് വീണ്ടും തിരിച്ചടി. വിനയന് ഫെഫ്ക 81,000 രൂപ പിഴയൊടുക്കണമെന്ന നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.
പിഴത്തുക കുറയ്ക്കണമെന്ന ആവശ്യം പോലും പരിഗണിക്കാതെയാണ് സുപ്രീം കോടതി നടപടി. ജസ്റ്റീസ് ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഫെഫ്കയുടെ ഹര്‍ജി പരിഗണിച്ചത്. വിലക്ക് നീക്കയതും പിഴയും ചോദ്യം ചെയ്തായിരുന്നു ഫെഫ്ക സുപ്രീംകോടതിയെ സമീപിച്ചത്. ട്രേഡ് യൂണിയന്‍ ആക്ട് പ്രകാരം രൂപീകരിച്ച ഫെഫ്ക ഒരു തൊഴിലാളി സംഘടനയാണെന്നും ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കേണ്ടത് ലേബര്‍ കോടതിയാണെന്നുമായിരുന്നു സുപ്രീം കോടതിയിലെ വാദം.
ഇത്തരം വിഷയങ്ങളില്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഇടപെടുന്നത് തൊഴിലാളി സംഘടനകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഫെഫ്ക വാദിച്ചെങ്കിലും സുപ്രീംകോടതി തള്ളി. വിലക്കിനെതിരേ വിനയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഫെഫ്കയ്ക്ക് പുറമേ താരസംഘടനയായ അമ്മയ്ക്കും ട്രൈബ്യൂണല്‍ നാല് ലക്ഷം രൂപ പിഴയൊടുക്കിയിരുന്നു. എന്നാല്‍ വിധിക്കെതിരേ ഫെഫ്ക മാത്രമാണ് സുപ്രീം കോടതിയെ സമീപിച്ചത്.