ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരേ പാര്‍ലമെന്റില്‍ ഇടത് അംഗങ്ങള്‍ക്കൊപ്പം സമരം ചെയ്ത് ജോസ് കെ. മാണി. സി.പി.എം, സി.പി.ഐ അംഗങ്ങളോടൊപ്പമാണ് ജോസ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. കര്‍ഷകര്‍, തൊഴിലാളികള്‍, ജനാധിപത്യം എന്നിവയെ സംരക്ഷിക്കു എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് എം.പിമാര്‍ പ്രതിഷേധിച്ചത്.
പാര്‍ലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമക്ക് സമീപം ബുധനാഴ്ച നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഇടത് എം.പിമാര്‍ക്കൊപ്പം കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയും പങ്കെടുത്തത്. കേരളത്തില്‍ മുന്നണി മാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നപ്പോഴും കേന്ദ്രത്തില്‍ യു.പി.എയുടെ ഭാഗമായി നില്‍ക്കുമെന്ന് പലവട്ടം നിലപാട് വ്യക്തമാക്കിയ ജോസ് കെ മാണിയുടെ നീക്കം യു.ഡി.എഫിനേയും യു.പി.എയേയും ഞെട്ടിപ്പിച്ചിട്ടുണ്ട്.
ബില്ലിനെതിരെ പ്രക്ഷോഭരംഗത്തുള്ള പ്രതിപക്ഷ എംപിമാര്‍ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് അഞ്ചിനാണ് കൂടിക്കാഴ്ച. ബില്ലിനെതിരായ ആക്ഷേപങ്ങള്‍ പ്രതിപക്ഷ എംപിമാര്‍ രാഷ്ട്രപതിയെ അറിയിക്കും. കര്‍ഷക ദ്രോഹ ബില്ലിന് അംഗീകാരം നല്‍കരുതെന്നും എംപിമാര്‍ അഭ്യര്‍ത്ഥിക്കും. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ ഓഫീസില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗമാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രതിഷേധം അറിയിക്കാന്‍ തീരുമാനിച്ചത്. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി
അഞ്ച് പ്രതിപക്ഷ നേതാക്കള്‍ക്കാണ് രാഷ്ട്രപതിയുടെ ഓഫീസ് സന്ദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്.