അര്‍ധരാത്രി പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു; ജീവന്‍ തിരികെ ലഭിച്ചത് പോലീസിന്റെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന്

എടപ്പാള്‍: അര്‍ധരാത്രിയില്‍ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് ആഴമേറിയ കിണറ്റില്‍ വീണു. പോലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് യുവാവിന് ജീവന്‍ തിരികെ ലഭിച്ചു. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ അംശക്കച്ചേരിയിലാണ് സംഭവം.

രണ്ടു യുവാക്കള്‍ വഴിയരികില്‍ നില്‍ക്കുന്നത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്ഐ ശിവന്‍, സിപിഒ മധു എന്നിവര്‍ കണ്ടു. പോലീസ് വാഹനം കണ്ടതോടെ ഇരുവരും സമീപത്തെ കെട്ടിടത്തിന് അടുത്തേക്കു നീങ്ങിയതോടെ വാഹനം നിര്‍ത്തി ഇവരെ ചോദ്യം ചെയ്തു.

ഇതിനിടെ ഒരു യുവാവ് സമീപത്തെ പറമ്പിലേക്ക് ഓടിമറഞ്ഞു. ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും അസ്വാഭാവികത തോന്നാതിരുന്നതിനെ തുടര്‍ന്ന് വിട്ടയച്ചു. എന്നാല്‍ ഓടിപ്പോയ യുവാവ് എവിടെയാണെന്ന് പോലീസിന് സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് സമീപത്തെ കിണറ്റില്‍ നിന്ന് നിലവിളി കേട്ടത്.

നോക്കിയപ്പോള്‍ ആഴമേറിയ കിണറ്റില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ പൊന്നാനിയിലെ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയും ഇവരുടെ നേതൃത്വത്തില്‍ യുവാവിനെ പുറത്തെടുക്കുകയും ചെയ്തു. വീഴ്ചയില്‍ നിസ്സാര പരുക്കേറ്റ യുവാവിനെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News