പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാന്‍ റോഡിലിറങ്ങി; ആദ്യ യാത്രയില്‍ എട്ടാം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനുള്ള ആവേശത്തില്‍ ആദ്യമായി റോഡിലിറങ്ങിയതാണ് എട്ടാം ക്ലാസുകാരി വൃന്ദ. പക്ഷെ ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. സൈക്കിള്‍ റോഡിലേക്ക് കയറ്റുന്നതിനിടെയുള്ള ചെറിയ ഇറക്കത്തില്‍ നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ചു. സൈക്കിള്‍ ഹാന്‍ഡില്‍ വൃന്ദയുടെ വയറിലും ഇടിച്ചിരുന്നു. ചെറുകുടലിനു പരുക്കേറ്റ വൃന്ദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.

ഒരാഴ്ച മുന്‍പാണ് അപകടമുണ്ടായത്. പുറമേ കാര്യമായ പരുക്കുണ്ടായിരുന്നില്ല. ഛര്‍ദിയുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. വിശദ പരിശോധനയില്‍ ചെറുകുടലിനു പരുക്കേറ്റതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്കു തിരികെ എത്തുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു മരണം.

ചേവരമ്പലം ഹൗസിങ് ബോര്‍ഡ് ഫ്‌ളാറ്റില്‍ താമസിക്കുന്ന വിനോദ് കുമാറിന്റെയും സരിതയുടെയും ഏക മകളാണ് വൃന്ദ വിനോദ്. സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. സംസ്‌കാരം ഇന്ന് 11നു മാവൂര്‍ റോഡ് ശ്മശാനത്തില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News