സിനിമ ചിത്രീകരണത്തിനിടെ നടന്‍ ബാലയ്ക്ക് പരിക്കേറ്റു
കൊച്ചി: നടന്‍ ബാലയ്ക്ക് സിനിമ ചിത്രീകരണത്തിനിടെ കണ്ണിനു പരിക്കേറ്റു. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയില്‍ ലക്നോവില്‍ വച്ചായിരുന്നു അപകടം. ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് വലതുകണ്ണിന് അടിയേറ്റത്. ഷൂട്ടിംഗിനുശേഷം ബാല ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തി.
കഴിഞ്ഞ ദിവസം തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് സൂചന നല്‍കി താരം രംഗത്ത് വന്നിരിന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ ജീവിക്കുന്നത് ഒരു ബാച്ചിലര്‍ ലൈഫ് ആണ്. ഒരുപാട് ആളുകള്‍ എന്നോട് എന്തുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചിട്ടുണ്ട്. അച്ഛന്‍ മരിക്കുന്നതിന് മുമ്പ് അവസാനമായി എന്നോട് ആവശ്യപ്പെട്ട ഒരു കാര്യം മാത്രമാണ് ഉണ്ടായിരുന്നത്, ഞാന്‍ മറ്റൊരു വിവാഹം കഴിച്ചു കാണണമെന്നത് ആയിരുന്നു അത്.
എന്റെ അമ്മയ്ക്കും ഇതുതന്നെയാണ് ആഗ്രഹം. എന്റെ അമ്മയ്ക്ക് മാത്രമല്ല എന്നെ സ്നേഹിക്കുന്ന ഒരുപാട് അമ്മമാര്‍ ഇതുതന്നെയാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ട് അതിനുള്ള സമയമായി എന്ന് കരുതുകയാണ് ഞാന്‍. ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഒരു സന്തോഷകരമായ വാര്‍ത്ത പ്രതീക്ഷിക്കാം എന്നായിരുന്നു ബാല പറഞ്ഞത്.
സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃതയും ഷോയില്‍ ഗസ്റ്റായി എത്തിയ ബാലയും തമ്മില്‍ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. 2010ലായിരുന്നു ഇവരുടെ താരവിവാഹം. 2012ല്‍ മകള്‍ അവന്തിക ജനിക്കുമ്പോഴും സന്തോഷപൂര്‍ണമായിരുന്നു ഇവരുടെ ജീവിതം. പിന്നീട് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഇവര്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് 2016ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു.