32.3 C
Kottayam
Monday, April 29, 2024

നഷ്ടം 8000 കോടി! കടക്കണക്ക് പുറത്തുവിട്ട് ബൈജൂസ്, കമ്പനി മൂല്യം കുത്തനെ ഇടിഞ്ഞു

Must read

മുംബൈ: 2021-2022 സാമ്പത്തിക വർഷത്തിൽ എഡ് ടെക് സ്ഥാപനമായ ബൈജൂസിന്‍റെ നഷ്ടം എട്ടായിരം കോടി കടന്നെന്ന് കണക്കുകൾ. 22 മാസത്തെ കാത്തിരിപ്പിനൊടുവിൽ കമ്പനികാര്യ മന്ത്രാലയത്തിന് നൽകിയ സാമ്പത്തിക റിപ്പോർട്ടിലാണ് നഷ്ടക്കണക്കുകളുള്ളത്. കമ്പനിയുടെ ഓപ്പറേഷണൽ റവന്യൂ 2,428 കോടി രൂപയില്‍ നിന്ന് 118 ശതമാനം വര്‍ധിച്ച് 5,298 കോടി രൂപയായി. എന്നാല്‍ നഷ്ടം 4,564 കോടി രൂപയില്‍ നിന്ന് 8,245 കോടി രൂപയായി വര്‍ധിച്ചു. 

സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് ഏകദേശം 830 കോടി രൂപ വായ്പയെടുക്കാന്‍ ബൈജൂസ് ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. പുതിയ ഓഹരികളിറക്കി അടുത്ത മാസം നിക്ഷേപം തേടുമെന്നാണ് അറിയുന്നത്. കമ്പനിയുടെ മൂല്യം വെറും 16,000 കോടി രൂപ കണക്കാക്കിയാകും ഫണ്ടിംഗ് നേടുകയെന്നാണ് വിവരം.2022ന്‍റെ അവസാനം വരെ ഏകദേശം 1.82ലക്ഷം കോടി രൂപ മൂല്യം കണക്കാക്കിയിരുന്ന കമ്പനിയാണ് ബൈജൂസ്.

നേരത്തെ എജ്യൂടെക് കമ്പനിയായ ബൈജൂസിന് വലിയ തിരിച്ചടി നൽകി ആഗോള ടെക് നിക്ഷേപകരായ പ്രോസസ്, ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണിൽ താഴെയായി കുറച്ചിരുന്നു. 2022 ജൂലൈയിൽ  22.5 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്.

അതിൽ നിന്ന് 86% കുറവാണ് വരുത്തിയത്. കടക്കെണിയിലായതോടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബൈജു രവീന്ദ്രൻ തന്‍റെ വീട്  പണയപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ബെംഗളൂരുവിൽ ബൈജുവിന്റെ  ഉടമസ്ഥതയിലുള്ള രണ്ട് വീടുകൾ, എപ്സിലോണിലെ അദ്ദേഹത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന വില്ല എന്നിവ  12 മില്യൺ ഡോളർ കടം വാങ്ങാൻ  ഈട് നൽകിയതായാണ് റിപ്പോർട്ട്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week