അച്ഛനു പിന്നാലെ അമ്മയെയും നഷ്ടപ്പെട്ടു, കൊച്ചു കൂരയില്‍ സങ്കടം കടിച്ചമര്‍ത്തി എട്ടുവയസുകാരി ശിവപ്രിയ; നൊമ്പരക്കാഴ്ച

കാക്കനാട്: അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതോടെ ജീവിതത്തില്‍ തനിച്ചായിരിക്കുകയാണ് എട്ടു വയസ്സുകാരി ശിവപ്രിയ. ഉറ്റവരെ നഷ്ടപ്പെട്ട് വീടിനു മുന്നില്‍ തനിച്ചു നില്‍ക്കുന്ന കാക്കനാട് അത്താണി മലയില്‍പറമ്പ് വീട്ടില്‍ ശിവപ്രിയയുടെ ചിത്രം കണ്ണീര്‍ കാഴ്ചയാവുകയാണ്.

ആറു വര്‍ഷം മുമ്പ് അച്ഛന്‍ ബാബു കലമ്പന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. പിന്നാലെ ശിവപ്രിയയുടെ അമ്മ സിന്ധു ബാബു (46) വിന്റെ ജീവന്‍ കൊവിഡ് കവര്‍ന്നെടുക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് സിന്ധു മരിച്ചത്. അമ്മയുടെ സംസ്‌കാരത്തിന് ശേഷം മടങ്ങിയെത്തിവരുടെ വിങ്ങലായിരുന്നു പട്ടയമില്ലാത്ത ആറ് സെന്റ് ഭൂമിയിലെ കൊച്ചു കൂരക്ക് മുന്നില്‍ സങ്കടം കടിച്ചമര്‍ത്തി നില്‍ക്കുന്ന ശിവപ്രിയയുടെ ചിത്രം.

അമ്മ സിന്ധുവിനും അമ്മൂമ്മ മറിയക്കുമൊപ്പമായിരുന്നു നാലാംക്ലാസ് വിദ്യാര്‍ത്ഥിയായ ശിവപ്രിയയുടെ താമസം. വീട്ടുജോലികള്‍ ചെയ്താണ് മകളെയും കിടപ്പിലായ ഭര്‍തൃമാതാവിനെയും സിന്ധു നോക്കിയിരുന്നത്. അതിനിടെയാണ് കൊവിഡ് ബാധിച്ചത്.

രണ്ടാഴ്ചയോളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് രോഗം മൂര്‍ച്ഛിക്കുകയും രാത്രിയോടെ മരിക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ അത്താണി പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. പട്ടയം ഇല്ലാത്ത ഭൂമി ആയതിനാല്‍ നേരത്തേ സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല.

അതിന് പിന്നാലെ ഏക അത്താണിയും നഷ്ടപ്പെട്ടതോടെ ജീവിതത്തിനുമുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഈ എട്ടു വയസ്സുകാരി. കാക്കനാട് എല്‍.പി.എസില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശിവപ്രിയ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News