30.6 C
Kottayam
Wednesday, May 15, 2024

മലയാള സിനിമ മേഖലയില്‍ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന എട്ടു പേര്‍ നിരീക്ഷണത്തില്‍

Must read

തിരുവനന്തപുരം: മലയാള സിനിമാ മേഖലയില്‍ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന എട്ടുപേരുടെ വിവരങ്ങള്‍ കേന്ദ്ര നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് ലഭിച്ചു. മുഹമ്മദ് അനൂപിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചത്. ടെലിഗ്രാം മെസഞ്ചറില്‍ മയക്കുമരുന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചതും എന്‍സിബി കണ്ടെത്തിയിട്ടുണ്ട്.

ഇതിന് പുറമേ, കേരളത്തിന് പുറത്തെ ലഹരിപ്പാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുക്കുന്ന 20 പേരുടെ വിശദാംശങ്ങള്‍ ബംഗളുരുവില്‍ അറസ്റ്റിലായ നിയാസില്‍ നിന്ന് എന്‍സിബിക്ക് ലഭിച്ചു. ലഹരിമരുന്ന് കേസില്‍ കന്നട സിനിമലോകത്തെ അന്വേഷണവും അറസ്റ്റുകളും പൂര്‍ത്തിയാക്കിയ ശേഷം എന്‍സിബി മലയാള സിനിമാരംഗത്തേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണറിവ്.

ഇതേസമയം, ലഹരിസംഘത്തിന്റെ മൂന്നാറിലെ വസ്തു ഇടപാടുകള്‍ സംബന്ധിച്ച് കേരള പോലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു. ഇടുക്കിയിലെ തോട്ടം മേഖലയില്‍ 200 ഏക്കര്‍ ഭൂമി ലഹരിസംഘത്തിനുണ്ടെന്ന വിവരമാണ് മുഹമ്മദ് അനൂപ് നല്‍കിയത്. എന്നാല്‍ നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് ചിലര്‍ പണം മുടക്കാന്‍ വിസമ്മതിച്ചതോടെ ഭൂമിയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് സൂചന.

മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവരുടെ മൊഴികളില്‍ നിന്ന് മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ മൂന്നാറിലെ വസ്തുക്കച്ചവടത്തിന്റെ വിവരങ്ങള്‍ ലഭിച്ചിരുന്നു. അനൂപിന്റെ അടുത്ത സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ ബിനീഷ് കോടിയേരിയുടെ മൊഴികളും വസ്തു വില്‍പന ഇടപാടുകള്‍ പരിശോധിക്കാന്‍ വഴിയൊരുക്കി. ബംഗളുരു കേസിലെ പ്രതികളുടെ മൊഴികള്‍ കേന്ദ്ര നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ (എന്‍സിബി) നിന്ന് ഇഡി ശേഖരിച്ചിട്ടുണ്ട്.

ലഹരി ഇടപാടുള്ള മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് മൂന്നാറില്‍ 50 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നും വിശദാംശങ്ങള്‍ ബിനീഷിനും സംസ്ഥാനത്തെ ഒരു മന്ത്രിയുടെ അടുപ്പക്കാരനായ ഹോട്ടലുടമയ്ക്കും നേരിട്ട് അറിയാമെന്നുമാണ് അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന മൊഴി. എന്നാല്‍ ബിനീഷ് കഴിഞ്ഞ ദിവസം ഇഡിക്കു നല്‍കിയ മൊഴികളില്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല.

സംസ്ഥാനത്തിന് പുറത്തെ ഭൂമി ഇടപാടുകളില്‍ ഇടനിലക്കാരനായിട്ടുണ്ടെന്നു ബിനീഷ് സമ്മതിച്ചിട്ടുണ്ട്. സ്വന്തം ബിസിനസിന്റെ രേഖകള്‍ ഹാജാരാക്കാമെന്നും അറിയിച്ചു. ഈ സാഹചര്യത്തിലാണ് മൂന്നാറിലെ ഹോട്ടലുടമയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയാറെടുക്കുന്നത്. മലയാള സിനിമാനിര്‍മ്മാണ രംഗത്തെ കള്ളപ്പണ നിക്ഷേപങ്ങള്‍, ലഹരിമരുന്ന് ഇടപാടുകള്‍ എന്നിവ സംബന്ധിച്ചു ബിനീഷ് നല്‍കിയ മൊഴികളുടെ വിശ്വാസ്യതയും ഇഡി പരിശോധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week