കൊച്ചി: കൊവിഡ് കാലത്ത് ഒറ്റപ്പെടലും മാനസിക പ്രയാസങ്ങളും നേരിട്ട 73കാരന്‍ വര്‍ഗീസിന്റെ ജീവിതത്തില്‍ തുണയായി 68കാരി അശ്വതി. വികെവി കേറ്ററേഴ്സ് ഉടമയാണ് വര്‍ഗീസ്. കമല ബ്യൂട്ടിപാര്‍ലര്‍ ഉടമയായ അശ്വതിയാണ് വര്‍ഗീസിനൊപ്പം പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്നത്. മക്കളും കൊച്ചു മക്കളുമുള്ള 73കാരന്‍ വിവാഹം കഴിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന ഒട്ടേറെ ചോദ്യങ്ങളും കളിയാക്കലുകളും മറികടന്നാണ് വര്‍ഗീസ് രണ്ടാമതൊരു വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്.
മൂന്നുമാസം മുന്‍പായിരുന്നു വിവാഹം. 3 ആണ്‍ മക്കളുള്ളതില്‍ 2 പേര്‍ അമേരിക്കയിലും ഒരാള്‍ ഡല്‍ഹിയിലുമാണ്. കൊവിഡ് കാലത്ത് എല്ലാ സാമൂഹിക ഇടപെടലും അടഞ്ഞതോടെ വീട്ടില്‍ തനിച്ചായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ വീടുകളിലേക്കു പോകാന്‍ കൊതിച്ചെങ്കിലും മഹാമാരി വില്ലനായി നിന്നു.
വിഡിയോകോളിലൂടെയായിരുന്നു മക്കളോടും കൊച്ചുമക്കളോടുമൊക്കെ സംസാരിച്ചത്. എന്നിരുന്നാലും നേരിട്ടുള്ള ഒത്തുകൂടല്‍ സങ്കടമായി തന്നെ നിലനിന്നിരുന്നു. ബിസിനസിലെ പ്രതിസന്ധി, പ്രായമായതിനാല്‍ കൊവിഡ് ബാധിച്ചാലുണ്ടാകുന്ന ആശങ്ക എല്ലാം കൊണ്ടും വളരെ പ്രയാസപ്പെടുത്തുന്ന ദിവസങ്ങളായിരുന്നു അതെന്ന് വര്‍ഗീസ് പറയുന്നു.
ഈ സാഹചര്യത്തിലാണ് ഇരുവരുടെയും പൊതു സുഹൃത്ത് വിവാഹ നിര്‍ദേശം വയ്ക്കുന്നത്. മക്കള്‍ മുന്‍കൈയെടുത്ത് വിവാഹവും നടത്തി കൊടുക്കുകയായിരുന്നു. ഇന്ന് എറണാകുളം കണ്ടനകത്തെ വീട്ടില്‍ താമസിക്കുകയാണ് ഇരുവരും. വര്‍ഗീസിന്റെ ഭാര്യ സുശീല മൂന്നര വര്‍ഷം മുന്‍പു മരിച്ചു. അശ്വതിയുടെ ഭര്‍ത്താവ് രണ്ടര വര്‍ഷം മുന്‍പും.