കോഴിക്കോട്:നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത് 1,270 പേർ. ഇന്ന് 37 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇന്ന് ലഭിച്ച 71 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 14,015 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 47,605 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്. ഇന്ന് പുതിയ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 407 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണ് ഉള്ളത്.
മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 448 പേരാണ് ഉള്ളത്. കോൾ സെന്ററിൽ ഇന്ന് 124 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,116 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. ഇന്ന് 72 പേർക്കാണ് മാനസിക പിന്തുണ നൽകിയത്.
രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 60 എണ്ണം ഒഴിവുണ്ട്. ആറ് ഐ സി യുകളും നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഒൻപത് മുറികളും അഞ്ച് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും10 ഐ സി യു കിടക്കകളും ഒഴിവുണ്ട്.
വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്. മൂന്ന് സ്വകാര്യ ആശുപത്രികളിലായി 23 മുറികളും 22 ഐ സിയുകളും ഏഴ് വെന്റിലേറ്ററുകളും 16 ഐസിയു കിടക്കകളും ഒഴിവുണ്ട്.