ഡൽഹി: ഇന്ത്യയിലെ മരിയോൺ ബയോടെക് നിർമ്മിച്ച കഫ്സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ കുട്ടികൾ മരിച്ച സംഭവത്തിൽ ഒടുവിൽ വിധി. 23 പേരെ തടവിന് ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ടവരിൽ ഒരു ഇന്ത്യൻ പൌരനും ഉൾപ്പെടും.
രണ്ട് മുതൽ 20 വർഷം വരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 68 കുട്ടികളാണ് മരിയോൺ ബയോടെക് നിർമിച്ച കഫ് സിറപ്പ് കഴിച്ച് മരിച്ചത്. കേസിൽ ആറ് മാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി വന്നിരിക്കുന്നത്.
ഡോക് 1 മാക്സ് സിറപ്പ് ഉസ്ബെക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്ത കമ്പനിയുടെ ഡയറക്ടറായ ഇന്ത്യൻ സ്വദേശി സിങ് രാഘവേന്ദ്ര പ്രതാപിന് 20 വർഷം തടവുശിക്ഷയാണ് രാജ്യത്തെ പരമോന്നത കോടതി വിധിച്ചത്. 23 പേരിൽ ഏറ്റവും കൂടുതൽ കാലം ശിക്ഷ ലഭിച്ചിരിക്കുന്നവരിൽ ഒരാൾ രാഘവേന്ദ്ര പ്രതാപാണ്.
ഓഫീസ് ദുരുപയോഗം, അശ്രദ്ധ, വ്യാജരേഖ ചമയ്ക്കൽ, നികുതി വെട്ടിപ്പ്, നിലവാരമില്ലാത്തതോ വ്യാജമോ ആയ മരുന്നുകളുടെ വിൽപ്പന, കൈക്കൂലി വാങ്ങൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇറക്കുമതി ചെയ്ത മരുന്നുകൾക്ക് ലൈസൻസ് നൽകുന്നതിൻ്റെ ചുമതലയുണ്ടായിരുന്ന മുൻ മുതിർന്ന ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടും. മരിച്ച 68 കുട്ടികളുടെ കുടുംബത്തിനും മരുന്ന് കഴിച്ചതിന്റെ പാർശ്വഫലമായി രോഗബാധിതരായ കുട്ടികളുടെ കുടുംബത്തിനുമായി 80000 ഡോളർ നഷ്ടപരിഹാരം നൽകാനും നഷ്ടപരിഹാരത്തുക ഏഴ് കുറ്റവാളികളിൽ നിന്നായി ഇടാക്കാനും കോടതി ഉത്തരവിട്ടു.